
കൊച്ചി: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ സംഘത്തെ വിപുലീകരിച്ചു. അന്വേഷണം ശക്തിപ്പെടുത്തുന്നതിനും വേഗത്തിലാക്കുന്നതിനു വേണ്ടിയാണ് കൂടുതല്‍ ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചിരിക്കുന്നത്. അതേസമയം കേസില്‍ ജാമ്യ ഹര്‍ജിയുമായി ടി.ഒ സൂരജ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
നിലവില്‍ കിഴക്കന്‍ മേഖല എസ്.പി വി.ജി വിനോദ് കുമാര്‍ മേല്‍നോട്ടം വഹിക്കുന്ന അന്വേഷണ സംഘത്തില്‍ വിജിലന്‍സിന്റെ തിരുവനന്തപുരം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിലെ ഡി.വൈ.എസ്.പി ശ്യാംകുമാര്‍, വിജിലന്‍സ് കിഴക്കന്‍ മേഖല ഓഫീസിലെ ഡി.വൈ.എസ്.പി എം.കെ മനോജ്, കോട്ടയം വിജിലന്‍സ് യൂണിറ്റ് ഓഫീസിലെ ഇന്‍സ്പെക്ടര്‍മാരായ റിജോ പി ജോസഫ്, രാജന്ഡ കെ അരമന എന്നിവരാണ് പുതിയ അംഗങ്ങള്‍. നിലവില്‍ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് പുറമേയാണ് ഇവരേക്കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അന്വേഷണം ത്വരിതഗതിയില്‍ നടന്നുവരികയാണെന്ന് വിജിലന്‍സ് ഡയറക്ടര്‍ അനില്‍കാന്ത് ഐ.പി.എസ് അറിയിച്ചു.
അതേസമയം കേസിലെ പ്രതിയായ മുന്‍ പൊതുമരാമത് സെക്രട്ടറി ടി.ഒ സൂരജ് വീണ്ടും ജാമ്യ ഹര്‍ജി നല്കി. ഹൈക്കോടതിയിലാണ് സൂരജ് ഹര്‍ജി സമര്‍പ്പിച്ചത്. മേല്‍പ്പാലം ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ പൊളിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് കൂടി ചൂണ്ടിക്കാട്ടിയാണ് പുതിയ ജാമ്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. നേരത്തെ ടി.ഒ സൂരജ്, കരാര്‍ കമ്പനി ഉടമ സുമിത് ഗോയല്‍, ആര്.ബി.ഡി.സി മുന്‍ എജിഎം എം.ടി തങ്കച്ചന് എന്നിവരുടെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.
പാലം അഴിമതിക്കേസിലെ അന്വേഷണ സംഘത്തലവനായ ഡി.വൈ.എസ്.പി അശോക് കുമാറിനെ സ്ഥാനത്ത് നിന്ന് നീക്കി. ആദ്യഘട്ട അറസ്റ്റിനു ശേഷം അന്വേഷണത്തില്‍ ഗുരുതര വീഴ്ചയും അലംഭാവവും കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു വിജിലന്‍സ് ഡയറക്ടറുടെ നടപടി. വിജിലന്‍സിന്റെ തിരുവനന്തപുരം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിലെ ഡി.വൈ.എസ്.പി ശ്യാംകുമാറിനാണ് പുതിയ അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്.






