ശ്രീനഗര്‍: കശ്മീരികള്‍ക്ക് ഫോണ്‍ ആവശ്യമില്ലെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്. കശ്മീരില്‍ തീവ്രവാദികള്‍ മാത്രമാണ് ഫോണ്‍ ഉപയോഗിക്കുന്നതെന്നും സത്യപാല്‍ പറഞ്ഞു. ടെലഫോണ്‍ കശ്മീരികളെ സംബന്ധിച്ച് പ്രധാനപ്പെട്ടതല്ല. തീവ്രവാദികള്‍ അവരുടെ പടയൊരുക്കത്തിന് വേണ്ടിയാണ് ഫോണ്‍ ഉപയോഗിക്കുന്നതെന്നും സത്യപാല്‍ മാലിക് പറഞ്ഞു. ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ അധികം വൈകാതെ പുനഃസ്ഥാപിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്നോടിയായി കശ്മീരിലെ ടെലഫോണ്‍, ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിച്ചിരുന്നു. ഇപ്പോള്‍ 70 ദിവസങ്ങള്‍ക്ക് ശേഷമാണ് ടെലഫോണ്‍ ബന്ധം പുനഃസ്ഥാപിക്കുന്നത്. ബി.എസ്.എന്‍.എല്‍ പോസ്റ്റ് പെയ്ഡ് സേവനങ്ങള്‍ മാത്രമാണ് പുനഃസ്ഥാപിച്ചത്. ഇന്റര്‍നെറ്റ് സൗകര്യം ഇപ്പോഴും ലഭ്യമല്ല.
കശ്മീരില്‍ തിങ്കളാഴ്ച മുതല്‍ എല്ലാ പോസ്റ്റ് പെയ്ഡ് മൊബൈല്‍ ഫോണ്‍ സര്‍വീസുകളും പുനഃസ്ഥാപിക്കുമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കശ്മീരിലെ പത്ത് ജില്ലകളിലും സര്‍വീസ് പുനഃസ്ഥാപിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇതില്‍ നിന്ന് വ്യത്യസ്തമായാണ് ബി.എസ്.എന്‍.എല്‍ സേവനങ്ങള്‍ മാത്രം പുനഃസ്ഥാപിച്ചിരിക്കുന്നത്.






