
ലക്നൗ: തര്‍ക്കഭൂമിയായ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ഡിസംബര്‍ ആറിന് ആരംഭിക്കുമെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്. ബാബ്റി മസ്ജിദ് പൊളിച്ച ദിവസം തന്നെ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കണമെന്നതാണതിന്റെ യുക്തിയെന്നും സാക്ഷി മഹാരാജ് പറഞ്ഞു. അയോധ്യക്കേസില്‍ 40 ദിവസം നീണ്ടു നിന്ന വാദം സുപ്രീംകോടതിയില്‍ ഇന്ന് അവസാനിച്ചിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് അയോധ്യ കേസ് വിധി പറയാനായി മാറ്റി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്ന നവംബര്‍ 17 ന് മുമ്പ് കേസില്‍ വിധി പറയുമെന്നാണ് സൂചന.
പ്രധാനമന്ത്രി നരേന്ദ്രമോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ ശ്രമഫലമാണ് സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നതെന്നും സാക്ഷി മഹാരാജ് പറഞ്ഞു. ക്ഷേത്ര നിര്‍മ്മാണത്തിന് സഹായിക്കാന്‍ ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുപോലെ മുന്നോട്ടുവരണമെന്നും, ബാബര്‍ തങ്ങളുടെ പൂര്‍വികനല്ലെന്നും വൈദേശിക അക്രമി ആണെന്നുമുള്ള വസ്തുത സുന്നി വഖഫ് ബോര്‍ഡ് അംഗീകരിക്കണമെന്നും സാക്ഷി മഹാരാജ് കൂട്ടിച്ചേര്‍ത്തു.
1992 ഡിസംബര്‍ ആറിന് ആയിരുന്നു ബാബറി മസ്ജിദ് തകര്‍ത്തത്. ബാബ്റി മസ്ജിദ് തകര്‍ന്ന ദിവസം തന്നെ ക്ഷേത്ര നിര്‍മ്മാണം ആരംഭിക്കണമെന്നതാണ് യുക്തിയെന്നും ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ നിന്നുള്ള ബിജെപി എംപിയായ സാക്ഷി മഹാരാജ് മാധ്യമങ്ങളോട് വ്യക്തമാക്കി.






