
ഇരുവഴഞ്ഞിപ്പുഴ കവര്‍ന്നെടുത്തതോടെയാണ് കാഞ്ചനമാലയുടെ എല്ലാമായ ബി.പി. മൊയ്തീന് നഷ്ടമാകുന്നത്. തന്റെ പ്രിയതമന് തിരിച്ചു വരില്ലെന്ന് അറിയാമെങ്കിലും അദ്ദേഹത്തിന്റെ ഓര്‍മ്മയിലാണ് കാഞ്ചനമാല ജീവിക്കുന്നത്. ബി.പി മൊയ്തീന് സേവ മന്ദിരം എന്നത് കാഞ്ചനമാലയുടെ സ്വപ്നമായിരുന്നു. ഇപ്പോള്‍ അത് സാധ്യമാകുന്നതിന്റെ സന്തോഷത്തിലാണ് കാഞ്ചനമാല. ഈ മാസം 20-നാണ് 80 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
നടന് ദിലീപിന്റെ അച്ഛന്റെ പേരിലുള്ള ജി.പി ചാരിറ്റബിള്‍ ട്രസ്റ്റ് കെട്ടിടത്തിന്റെ ഒന്നാം നിലയുടെ നിര്‍മ്മാണം ഏറ്റെടുത്തിരുന്നു. പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായത്തോടെ മറ്റ് നിലകളുടെ പണിയും പൂര്‍ത്തിയായി. ലൈബ്രറി, സ്ത്രീകള്‍ക്കായി തൊഴില്‍ പരിശീലനം, വൃദ്ധക്ഷേമം, സ്ത്രീരക്ഷ കേന്ദ്രം, കൗണ്‍സിലിംഗ് സെന്റര്‍, നിയമ സഹായ കേന്ദ്രം, പ്രശ്ന പരിഹാര കേന്ദ്രം എന്നിവയാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. എം.കെ രാഘവന് എം.പി മുഖ്യാതിഥിയായെത്തുന്ന ചടങ്ങില്‍ മന്ത്രി കെ.ടി ജലീലാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്.
1982ലാണ് ഇരവഴഞ്ഞിപ്പുഴയിലുണ്ടായ തോണി അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെയില്‍ മൊയ്തീന് മരിക്കുന്നത്. 1985ലാണ് മൊയ്തീന്റെ മാതാവിന്റെയും പി.ടി ഭാസ്കര പണിക്കരുടെയും സഹായത്തോടെ സേവാന്ദിര്‍ ആരംഭിച്ചത്. ആര്.എസ് വിമല്‍ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്തീന് എന്ന ചിത്രത്തിലൂടെയാണ് മോയ്തീന്റെയും കാഞ്ചനമാലയുടേയും പ്രണയം മലയാളികള്‍ നെഞ്ചേറ്റിയത്.






