മുര്‍ഷിദാബാദ്: ബംഗ്ലാദേശ് അതിര്‍ത്തി സംരക്ഷണ സേന നടത്തിയ വെടിവയ്പ്പില്‍ ബി.എസ്.എഫ് ജവാന് വീരമൃത്യു. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലാണ് വെടിവയ്പ്പുണ്ടായത്. ബി.എസ്.എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ വിജയ് ബഹന്‍ സിംഗാണ് മരിച്ചത്. കോണ്‍സ്റ്റബിള്‍ രാജ്ബിര്‍ സിംഗിന് ഗുരുതരമായി പരുക്കേറ്റു. രാജ്ബിറിനെ മുര്‍ഷിദാബാദ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ പദ്മ നദിയില്‍ മത്സ്യബന്ധനത്തിന് പോയ മൂന്ന് പേരെ ബോര്‍ഡര്‍ ഗാര്‍ഡ്സ് ബംഗ്ലാദേശ് പിടികൂടിയിരുന്നു. പിന്നീട് രണ്ട് പേരെ വിട്ടയക്കുകയും ഫ്ളാഗ് മീറ്റിംഗിനായി ബി.എസ്.എഫ് കമാന്‍ഡര്‍ എത്തണമെന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇത് പ്രകാരം രാവിലെ പത്തരയോടെ കാക്മരിച്ചര് പോസ്റ്റ് കമാന്‍ഡറും അഞ്ച് ബി.എസ്.എഫ് കോണ്‍സ്റ്റബിള്‍മാരും അടങ്ങുന്ന സംഘം ഫ്ളാഗ് മീറ്റിംഗിനായി എത്തി.
ബി.എസ്.എഫ് സംഘം എത്തിയിട്ടും പിടിച്ചുവച്ചിരിക്കുന്ന ഒരു മത്സ്യത്തൊഴിലാളിയെ വിട്ടയയ്ക്കാന് ബംഗ്ലാദേശ് സൈനികര്‍ തയ്യാറായില്ലെന്ന് മാത്രമല്ല, ബി.എസ്.എഫ് സംഘത്തെക്കൂടി തടഞ്ഞുവയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തു. സംഘര്‍ഷം കണക്കിലെടുത്ത് ബി.എസ്.എഫ് സംഘം മടങ്ങാന്‍ ശ്രമിക്കുന്നതിനിടെ ബംഗ്ലാദേശ് വെടിയുതിര്‍ക്കുകയായിരുന്നു. കൊല്ലപ്പെട്ട വിജയ് ബഹന്‍ സിംഗിന് തലയ്ക്കാണ് വെടിയേറ്റത്. പരുക്കേറ്റ രാജ്ബിറിന് കയ്യിലും വെടിയേറ്റു.






