
കോട്ടയം: സഭാതര്‍ക്കത്തില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായ നിലപാടെടുത്തതിനു പിന്നാലെ, കോന്നി ഉപതെരഞ്ഞെടുപ്പില്‍ പുതിയ പ്രതീക്ഷയുമായി ബി.ജെ.പി. നേതൃത്വം. വോട്ടെടുപ്പിനു ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് പിന്തുണയഭ്യര്‍ഥിച്ച് ഓര്‍ത്തഡോക്സ് സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിലെത്തി. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുമായി ചര്‍ച്ച നടത്തി.
ഇന്നും ചില ബി.ജെ.പി. നേതാക്കള്‍ ദേവലോകത്ത് എത്തുമെന്നാണു സൂചന. കോന്നി മണ്ഡലത്തിലെ മുപ്പതിനായിരത്തോളം ഓര്‍ത്തഡോക്സ് വിശ്വസികളില് കണ്ണുനട്ടാണു ബി.ജെ.പി. സഭാതര്‍ക്കത്തില്‍ പക്ഷം ചേര്‍ന്നത്. ഓര്‍ത്തഡോക്സ് സഭയുടെ പിന്തുണ യു.ഡി.എഫും എല്‍.ഡി.എഫും ഒരുപോലെ അവകാശപ്പെടുന്നതിനിടെയാണ് സഭാതര്‍ക്കത്തില്‍ പരസ്യനിലപാടുമായി ബി.ജെ.പി. രംഗത്തെത്തിയത്. സഭയും സമുദായവും നിര്ണായകസ്വാധീനശക്തിയായ കോന്നിയില്‍ മൂന്നു മുന്നണികളും ആശങ്കയിലാണ്.
സഭാതര്‍ക്കത്തില്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ സഹായിച്ചില്ലെന്ന പൊതുവികാരം ഓര്‍ത്തഡോക്സ് സഭയിലുണ്ട്. യാക്കോബായ വിഭാഗം ഇടതുപക്ഷത്തിനു പരസ്യപിന്തുണ നല്‍കുകയും ചെയ്തതോടെ ഓര്‍ത്തഡോക്സ് വിഭാഗം സര്‍ക്കാരുമായി അകന്ന മട്ടായിരുന്നു. ഇതു പരിഹരിക്കാന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കഴിഞ്ഞദിവസം ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ചയും നടത്തി.
ഇതിനിടെ, യു.ഡി.എഫ്. കണ്‍വീനര്‍ ബെന്നി ബഹനാന് യാക്കോബായ വിഭാഗത്തിനുവേണ്ടി സംസാരിച്ചെന്ന ആരോപണവും വിവാദമായി. യാക്കോബായ സഭാവിശ്വാസികളുടെ യോഗത്തില്‍ പങ്കെടുത്ത ബെന്നി, തന്റെയും കോണ്‍ഗ്രസിന്റെയും പിന്തുണ പ്രഖ്യാപിച്ചെന്നാണ് ഓര്‍ത്തഡോക്സ് പക്ഷത്തിന്റെ ആരോപണം. ഈ സമത്താണു ബി.ജെ.പിയുടെ രംഗപ്രവേശം. കേന്ദ്രമന്ത്രി വി. മുരളീധരന്റെ കോന്നിയിലെ പ്രസംഗം ഓര്‍ത്തഡോക്സ് സഭയുമായുള്ള അടുപ്പത്തിന് അടിവരയിട്ടു.
സഭാ കേസില്‍ ഓര്‍ത്തഡോക്സ് സഭയ്ക്കു നീതി കിട്ടിയില്ലെന്നായിരുന്നു മുരളീധരന്റെ പ്രസംഗം. ഇതോടെ ഓര്‍ത്തഡോക്സ് സഭയുടെ സാമൂഹികമാധ്യമ ഗ്രൂപ്പുകളില്‍ ബി.ജെ.പി. അനുകൂല നിലപാട് പ്രചരിച്ചു. എന്നാല്‍, ഒരു മുന്നണിയേയും പരസ്യമായി പിന്തുണയ്ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും വിശ്വാസികള്‍ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടവകാശം വിനിയോഗിക്കുമെന്നുമാണു സഭാനേതൃത്വത്തിന്റെ ഔദ്യോഗികപ്രതികരണം.
ഓര്‍ത്തഡോക്സ് സഭയുടെ പിന്തുണ ഉറപ്പാക്കാന്‍ എത്തിയതിന് പിന്നാലെ ശബരിമല വിഷയത്തില്‍ നിയമനിര്‍മ്മാണം നടത്തിയില്ലെന്ന് ആരോപിച്ച് ഇടഞ്ഞു നില്ക്കുന്ന എന്‍എസ്എസിനെയും അനുനയിപ്പിക്കാന്‍ ബിജെപി ശ്രമം തുടങ്ങി. മുതിര്‍ന്നനേതാവ് കുമ്മനം രാജശേഖരനാണ് ദൗത്യത്തിനു മുന്‍െകെയെടുക്കുന്നത്. ഇടതുമുന്നണിയുടെ പരാജയം ഉറപ്പാക്കാനുള്ള ശക്തമായ നീക്കമാണു സുകുമാരന്‍ നായരുടെ ശരിദൂരപ്രഖ്യാപനമെന്നു ബി.ജെ.പി. കരുതുന്നു. കേന്ദ്രനേതൃത്വത്തിന്റെ ദൂതന്മാര് പെരുന്നയിലെത്തുമെന്നാണു സൂചന. തെരഞ്ഞെടുപ്പുവേളയില്‍ ബി.ജെ.പി. നേതാക്കളെ കാണാന്‍ എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സമ്മതിക്കുമോയെന്നു വ്യക്തമല്ല.
ശബരിമലയില്‍ വിശ്വാസികള്‍ക്കൊപ്പം നിലകൊണ്ടതു ബി.ജെ.പിയാണെന്നും എന്‍.എസ്.എസിന്റെ തെറ്റിദ്ധാരണ നീക്കുമെന്നും കുമ്മനം പറഞ്ഞു. നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ശബരിമല വിഷയം വീണ്ടും സജീവമായതോടെ ശബരിമല പ്രചാരണവിഷയമാക്കില്ലെന്നു പറഞ്ഞ ഇടതുമുന്നണി വിശ്വാസപ്രശ്നത്തില്‍ പ്രതിരോധത്തിലായി.
ശബരിമലയില്‍ പിടിച്ചുകയറാന്‍ വീണ്ടും ശ്രമിക്കുന്ന ബി.ജെ.പിക്ക് എന്‍.എസ്.എസ്. നിലപാട് ക്ഷീണമായി മാറുകയും ചെയ്തതോടെയാണ് നേതാക്കള്‍ ചങ്ങനാശ്ശേരിയിലേക്ക് എത്തുന്നത്. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍, വിധി വരാതെ നിയമനിര്‍മാണം സാധ്യമല്ലെന്നു കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞത് എന്‍.എസ്.എസിനെ പ്രകോപിപ്പിച്ചിരുന്നു. ശരിദൂരം എന്നല്ലാതെ, ഒരു രാഷ്ട്രീയകക്ഷിക്കുവേണ്ടിയും പരസ്യപ്രസ്താവന നടത്തിയിട്ടില്ലെന്നാണ് എന്‍.എസ്.എസിന്റെ ഔദ്യോഗിക നിലപാട്.
അഞ്ചു മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് അവസാനഘട്ടത്തില്‍ ജാതിസമവാക്യങ്ങളില്‍ ഊന്നിയുള്ള വാദപ്രതിവാദങ്ങളിലേക്ക്. എന്‍.എസ്.എസിന്റെ 'ശരിദൂര'പ്രഖ്യാപനം യു.ഡി.എഫിന് അനുകൂലമാണെന്ന വിലയിരുത്തലിനു പിന്നാലെ, എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അതിനെതിരേ രംഗത്തുവന്നു. മുമ്പും ജാതിസമവാക്യങ്ങള്‍ തെരഞ്ഞെടുപ്പില്‍ രഹസ്യഘടകമായിരുന്നെങ്കിലും പരസ്യമായി സംഘടനകള്‍ ഏറ്റുമുട്ടുന്നത് ആദ്യമാണ്.
ശബരിമല മുതല്‍ മന്ത്രി കെ.ടി. ജലീലിനെതിരായ മാര്‍ക്ക് ദാന ആരോപണം വരെ പ്രചാരണവിഷയങ്ങള്‍ മാറിമറിഞ്ഞ ഉപതെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലാണു സമുദായപോരാട്ടം മുറുകുന്നത്. കൂടത്തായി കേസിന്റെ പൂര്‍ണവിവരങ്ങള്‍ നേരത്തേ പോലീസിന്റെ പക്കലുണ്ടായിട്ടും തെരഞ്ഞെടുപ്പ് സമയത്തു പുറത്തുവിട്ടത് ബോധപൂര്വമാണെന്നാരോപിച്ച് യു.ഡി.എഫ്. രംഗത്തുവന്നിരുന്നു. രാഷ്ട്രീയാരോപണങ്ങള്‍ മറികടക്കാനാണിതെന്നും യു.ഡി.എഫ്. കുറ്റപ്പെടുത്തി. അതിനു പിന്നാലെയാണു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സാങ്കേതിക സര്‍വകലാശാലാ മാര്‍ക്ക് ദാനം, കെ.എസ്.ഇ.ബി. ട്രാന്‍സ്ഗ്രിഡ് അഴിമതി എന്നിവ ഉന്നയിച്ചത്.
അതെല്ലാം ആരോപണങ്ങള്‍ മാത്രമാെണന്നും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ് എല്‍.ഡി.എഫിന്റെ വിശദീകരണം. ആരോപണങ്ങള്‍ മറികടക്കാന്‍ വീടുകയറിയുള്ള പ്രചാരണവും ശക്തമാക്കി. അതിനിടെയാണു ജാതിസമവാക്യങ്ങള്‍ ചര്‍ച്ചയായത്. എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ എതിര്‍പ്പും വെള്ളാപ്പള്ളിയുടെ പിന്തുണയും വട്ടിയൂര്‍ക്കാവില്‍ ഉള്‍പ്പെടെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക എല്‍.ഡി.എഫിനുണ്ട്. സമുദായശക്തികളുടെ ഏറ്റുമുട്ടല്‍ ഉപതെരഞ്ഞെടുപ്പുഫലത്തില് എങ്ങനെ പ്രതിഫലിക്കുമെന്നറിയാന്‍ രാഷ്ട്രീയകേരളവും കാത്തിരിക്കുന്നു.






