
തൃശൂരിലെ പോലീസ് ദിനാഘോഷത്തോട് അനുബന്ധിച്ച് അഞ്ച് കിലോമീറ്റര്‍ മാരത്തണാണ് പ്രധന പരിപാടി. രാവിലെ ആറരയോടെ മാരത്തണ്‍ ആരംഭിച്ചിരുന്നു. നടന് ജയസൂര്യയായിരുന്നു ഓട്ടം ഫ്ലാഗ്ഓഫ് ചെയ്യാനെത്തിയത്. ഓട്ടം തുടങ്ങുന്നതിന് മുമ്പ് വാമപ്പിനായി സൂംബ നൃത്തവും നടത്തി. ഇതില്‍ ജയസൂര്യയും യതീഷ് ചന്ദ്ര ഐപിഎസും ചുവടുവെച്ചു. ജീവിതത്തിലാദ്യമായിട്ടാണ് ജയസൂര്യ മാരത്തണ്‍ ഓടുന്നത്. ഷൂട്ടിങ്ങിന് ശേഷം കൊച്ചിയിലേക്ക് ഇന്നലെ മടങ്ങേണ്ടതായിരുന്നു ജയസൂര്യ. എന്നാല്‍ മാരത്തണ്‍ ഓടാന്‍ യതീഷ്ചന്ദ്ര നേരിട്ട് ക്ഷണിച്ചപ്പോള്‍ യാത്ര ഇന്നത്തേയ്ക്കു മാറ്റി.
നൃത്തം കളിക്കാന്‍ സംഘം ജയസൂര്യയോട് ആവശ്യപ്പെട്ടു. യാതൊരു മടിയുമ കൂടാതെ താരം കളത്തിലിറങ്ങി. നൃത്തം കഴിഞ്ഞപ്പോള്‍ 'നല്ല സ്റ്റാമിന വേണമല്ലേ, ഇതൊക്കെ കളിക്കാന്‍, ഇവരെ സമ്മതിക്കണം' എന്നായിരുന്നു ജയസൂര്യയുടെ പ്രതികരണം. 'അടുത്ത പൊലീസ് വേഷം അഭിനയിക്കുമ്പോള്‍ ഉറപ്പായിട്ടും അത് യതീഷ്ചന്ദ്രയായിരിക്കും. അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലിയും പെരുമാറ്റവും സൂക്ഷ്്മമായി നിരീക്ഷിച്ചിട്ടുണ്ട്'എന്നും ജയസൂര്യ പറഞ്ഞു.
ഇതിനിടെ അവതാരിക യതീഷ് ചന്ദ്രയോട് ''സാറിന് സിനിമയില്‍ അഭിനയിച്ചുകൂടെ'' എന്ന ചോദിച്ചു. മറുപടി ചിരിയിലൊതുക്കുകയായിരുന്നു അദ്ദേഹം. യതീഷ്ചന്ദ്ര ഓടാന്‍ എത്തിയത് അച്ഛനും മകനുമൊപ്പമായിരുന്നു. ഓട്ടം തുടങ്ങിയപ്പോള്‍ ഒന്നാം നിരയില്‍ ഫിനിഷ് ചെയ്യാന്‍ കുടുംബാംഗങ്ങളെ കൈവിട്ട് യതീഷ്ചന്ദ്ര ആദ്യം ഓടി.






