
മലയാളത്തിലെ ശ്രദ്ധേയയായ നടിയാണ് മറീന മൈക്കിള്‍ കുരിശിങ്കല്‍. മുംബൈ ടാക്സി, ഹാപ്പി വെഡിങ്ങ്, അമര്‍ അക്ബര്‍ ആന്റണി, ചങ്ക്സ് എന്നീ സിനിമകളില്‍ അഭിനയിച്ചതിട്ടുള്ള മറീന എബിയിലൂടെയാണ് ആദ്യമായി നായികയാവുന്നത്. ചങ്ക്സ് എന്ന സിനിമയില്‍ 100 കിലോമീറ്ററിലധികം വേഗതയില്‍ ബുള്ളറ്റ് മോട്ടോര്‍സൈക്കിള്‍ ഓടിച്ച് ഒരു ടോംബോയ് കാരക്ടര്‍ ചെയ്ത് മറീന ശ്രദ്ധേയയായിരുന്നു. ഇപ്പോള്‍ പലതരം മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും മോശം ചിത്രം എന്ന ഖ്യാതി ഉണ്ടാക്കിയെടുത്ത് മാര്‍ക്കറ്റിങ്ങിനു ശ്രമിക്കുകയാണ് മലയാളത്തിലെ ഒരു ചിത്രമെന്ന് പറയുകയാണ് മറീന.
മോശം സിനിമ, മോശം അഭിനേതാക്കള്‍, മോശം കഥ എന്നൊക്കെ പറഞ്ഞാണ് ചിത്രം എത്തുന്നതെന്നും വളരെ മോശം അനുഭവങ്ങളാണ് ചിത്രത്തിന്റെ സെറ്റില്‍ നിന്നും അനുഭവിച്ചതെന്നുമാണ് ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ മറീന മൈക്കിള്‍ തുറന്നു പറഞ്ഞത്. '' ചിത്രത്തിന്റെ പേര് കേട്ടതു മുതല്‍ നെഗറ്റീവ് ഫീല്‍ തോന്നിയിരുന്നു. ബെന്‍ ഒക്കെ ചെയ്ത വിപിന്‍ ആറ്റ്ലിയുടെ ചിത്രമല്ലേ എന്നൊക്കെ കരുതിയാണ് ചിത്രത്തിലേക്ക് ചെല്ലുന്നത്.
ലക്ഷ്വറി ആയി തന്നെയാണ് ഷൂട്ട് നടന്നത്. നിര്‍മ്മാതാവ് മുംബൈയില്‍ നിന്നാണ്. ഒരുപാട് ആര്‍ട്ടിസ്റ്റുകളും കാരവാന് മുതല്‍ സൗകര്യങ്ങളും ഉണ്ടായിരുന്നു. നന്നായി പെര്‍ഫോം ചെയ്താല്‍ കട്ട് ചെയ്യുകയും മോശമായി ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്യും. തോക്ക് ഒക്കെ ഉപയോഗിച്ചാണ് അവര്‍ എന്നെ കൊണ്ട് അത് ചെയ്യിച്ചത്. വളരെ മോശമായ അവസ്ഥയായിരുന്നു. ഞാന്‍ നിസ്സഹായ ആയിരുന്നു. ഇത്രയും തുക മുടക്കി ചിത്രം ഓടരുതെന്ന് ആഗ്രഹിക്കുന്ന ഒരു നിര്‍മ്മാതാവിനെ ആദ്യമായി കാണുകയാണ് '' - മറീന പറയുന്നു.






