
ന്യൂഡല്‍ഹി: ലോകത്ത് ബിസിനസ് ചെയ്യാന്‍ എളുപ്പമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് മുന്നേറ്റം. ലോക ബാങ്കിന്റെ 'ഈസി ഓഫ് ഡൂയിങ് ബിസിനസ് 2020' സര്‍വെയിലാണ് 14 രാജ്യങ്ങളെ പിന്നിലാക്കി ഇന്ത്യ മുന്നേറിയത്. 199 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 14 സ്ഥാനങ്ങള്‍ മുന്നേറി 63-ാം സ്ഥാനത്താണ് നിലയുറപ്പിച്ചിരിക്കുന്നത്.
2014 ല്‍ 142-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. അടുത്ത വര്‍ഷങ്ങളില്‍ 131,100 എന്നിങ്ങനെ രാജ്യം മികവു നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യ 23 സഥാനം മുന്നിലെത്തി റാങ്കിങ്ങില്‍ 77-ാം സ്ഥാനം നേടിയിരുന്നു. ഇക്കുറി 50-ാം സ്ഥാനത്തെങ്കിലും എത്തണമെന്നതായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. ഡല്‍ഹി, മുംബൈ എന്നീ നഗരങ്ങളെയാണ് സര്‍വെയ്ക്കായി പരിഗണിച്ചത്.
കെട്ടിടങ്ങള്‍, വെയര്‍ഹൗസുകള്‍ എന്നിവ നിര്‍മ്മിക്കുന്നതിന് അനുമതി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചതാണ് ഇന്ത്യയ്ക്ക് മികച്ച റാങ്കിങ്ങ് നേടിക്കൊടുത്തത്. വായ്പാ ലഭ്യത, അതിര്‍ത്തി കടന്നുള്ള വ്യാപാരം, കരാര്‍ വ്യവസ്ഥകള്‍ തുടങ്ങിയ കാര്യങ്ങളിലാണ് നേട്ടം രേഖപ്പെടുത്തിയിരിക്കുന്നത്. മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയും വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ സ്വീകരിച്ച നടപടികളുമാണ് ഇന്ത്യയ്ക്ക് തുണയായതെന്ന് ലോക ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. പട്ടികയില്‍ ന്യൂസിലാന്‍ഡാണ് ഒന്നാമത്. സിംഗപ്പൂര്‍, ഹോങ്കോംഗ് എന്നീ രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. അമേരിക്ക ആറാം സ്ഥാനത്തും യു.കെ എട്ടാമതുമാണ്.






