
തിരുവനന്തപുരം : വാളയാര്‍ അട്ടപ്പളളത്തു ദലിത് സഹോദരിമാര്‍ പീഡനത്തിനിരയാവുകയും ദൂരുഹസാഹചര്യങ്ങളില് മരണപ്പെട്ടുകയും ചെയ്ത
കേസില്‍ പ്രതികളെ വെറുതെവിട്ട സംഭവത്തില്‍ സംസ്ഥാന നിയമവകുപിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് പ്രതിഷേധം.
കേരള സൈബര്‍ വാരിയേഴ്സാണ് നിയമ വകുപ്പിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തത്. ഞായറാഴ്ച രാത്രിയോടെയാണ് വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. സൈറ്റ് ഹാക്ക് ചെയ്തത് തങ്ങളാണെന്ന് 'കേരള സൈബര്‍ വാരിയേഴ്സ്' ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അവകാശപ്പെട്ടു.
നിയമവകുപ്പ് സെക്രട്ടറിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വകുപ്പിന്റെ www.keralalawsect.org എന്ന വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. ഇപ്പോള്‍ ഈ വെബ്സൈറ്റ് ലഭ്യമല്ല. സൈബര്‍ വാരിയേഴ്സിന്റെ എംബ്ലവും ജസറ്റിസ് ഫോര്‍ ഔര്‍ സിസ്റ്റേഴ്സ് എന്ന സന്ദേശവുമാണ് സൈറ്റില്‍ ഉളളത്.
സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സംരക്ഷണത്തില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണെന്നും പണമില്ലാത്തവന് നീതി അകലെയാണെന്നും സൈബര്‍ വാരിയേഴ്സ് ഫേസ്ബുക്കിലൂടെ ചോദിച്ചു. കേസ് പുനരന്വേഷിക്കണമെന്നും സൈബര്‍ വാരിയേഴ്സ് ആവശ്യപ്പെടുന്നു.
സര്‍ക്കാര്‍ പദവികളില്‍ ഇരിക്കുന്നവര്‍ പോരും അധികാരം ദുര്‍വിനിയോഗം നടത്തി പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും കേരള സൈബര്‍ വാരിയേഴ്സ് ആരോപിക്കുന്നു.വാളയാറിലെ കുട്ടികള്‍ക്ക് വേണ്ടി തങ്ങള്‍ സംസാരിക്കുമെന്നും, അവര്‍ ഞങ്ങളുടെയും സഹോദരിമാരാണെന്നും പറയുന്ന ഫേയ്സ്ബുക് പോസ്റ്റ് പ്രതികള്‍ ശിക്ഷികപ്പെടണമെന്നും സഹോദരിമാര്‍ നീതി അര്‍ഹിക്കുന്നുണ്ടെന്നും വ്യക്തമാക്കി.
നീതി കിട്ടുന്നതുവരെ ഈ പ്രതിഷേധം തുടരും ഇന്ന് ഒന്നില്‍ നിന്ന് തുടങ്ങും നാളെ പ്രതിഷേധം പത്താകും, പിന്നെയത് നൂറാകുമെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്. നീതിക്കുവേണ്ടി യുവജനങ്ങള്‍ തെരുവിലിറങ്ങുന്ന നാള് വരിക തന്നെ ചെയ്യുമെന്ന് കേരള സൈബര്‍ വാരിയേഴ്സ് പറയുന്നു. മുന്‍പും പല വിഷയങ്ങളുമായി ബന്ധപ്പെട്ട് പല വെബ്സൈറ്റുകളും കേരള സൈബര്‍ വാരിയേഴ്സ് ഹാക്ക് ചെയ്തിട്ടുണ്ട്.
2017 ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. പതിമൂന്നുകാരിയായ മൂത്ത സഹോദരിയെ ജനുവരി 13 നും ഒന്പതുകാരനായ ഇളയ സഹോദരിയെ മാര്‍ച്ച് നാലിനുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശെല്‍വപുരത്ത് ഓടും ഷീറ്റും മേഞ്ഞ വീടിന്റെ കഴുക്കോലില്‍ ഒരേ സ്ഥാനത്താണ് ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് കേസ്. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ സംഭവത്തിലെ പ്രതികളെ പോക്സോ കോടതി വെറുതെ വിട്ടിരുന്നു. അന്വേഷണത്തില്‍ ഉണ്ടായ പിഴവുകളാണ് പ്രതികള്‍ രക്ഷപ്പെടാനിടയാക്കിയതെന്നും പുനരന്വേഷണം വേണമെന്നും ശക്തമായ ആവശ്യം ഉയരുന്നതിനിടെയാണ് പ്രതിഷേധ വ്യാപകമായി സൂചകമായി നിയമ വകുപ്പിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്.






