കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയ്ന്‍ പിന്തുണയുമായി രണ്ട് കൗണ്‍സിലര്‍മാര്‍. കോണ്‍ഗ്രസ് കൗണ്‍സിലര്‍ ജോസ് മേരിയും സ്വതന്ത്ര കൗണ്‍സിലര്‍ ഗീതാ പ്രഭാകറുമാണ് മേയര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുന്നത്. മേയറെ മാറ്റിയാല്‍ ഭരണപക്ഷത്തിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ഗീതാ പ്രഭാകര്‍ മുന്നറിപ്പ് നല്കി. നിലവിലെ നീക്കങ്ങള്‍ കൗണ്‍സിലര്‍മാര്‍ അറിയുന്നില്ലെന്നും ചില നേതാക്കളുടെ താല്‍പ്പര്യങ്ങളാണ് ഇപ്പോഴത്തെ ബഹളങ്ങള്‍ക്ക് കാരണമെന്നും ഇരുവരും പറഞ്ഞു.
ഇതിനിടെ മേയറെ മാറ്റണമെന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം. ഇക്കാര്യം ഇവര്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ അറിയിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് മുല്ലപ്പള്ളി മേയറോട് തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നേരത്തെ മേയറെ മാറ്റാന്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിരുന്നു. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കുറഞ്ഞതിന്റെ പേരില്‍ മേയറെ മാറ്റില്ലെന്ന് മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയുടെ മോശം പ്രകടനത്തിന്റെ പേരില്‍ മേയറെ മാത്രം പഴിചാരി രക്ഷപെടേണ്ടതില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. വിജയമായാലും പരാജയമായാലും അത് ഒരാളുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും എല്ലാവര്ക്കും ബാധകമാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.






