
തിരുവനന്തപുരം: സംസ്ഥാനത്ത് തുറന്നു കിടക്കുന്ന കുഴല്‍ കിണറുകള്‍ മൂടണമെന്ന നിര്‍ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ കിണറില്‍ വീണ് രണ്ടര വയസുകാരന് മരിച്ച സംഭവത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത് ഉപയോഗ്യ ശൂന്യമായി കിടക്കുന്ന കുഴല്‍ കിണറുകള്‍ മൂടണമെന്ന് മുഖ്യമന്ത്രി പറഞ്ഞത്.
അതേസമയം സംസ്ഥാനത്ത് തുറന്നു കിടക്കുന്ന കുഴല്‍ കിണറുകള്‍ ഇല്ലെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ട്. എങ്കിലും വിവിധ വകുപ്പുകളോടായി പരിശോധന നടത്തി ഉപയോഗ്യ ശൂന്യമായ കുഴല്‍ കിണറുകള്‍ ശ്രദ്ധയില്‍പ്പെടുന്ന സാഹചര്യത്തില്‍ അവ മൂടണമെന്ന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി വ്യക്തമാക്കി. ജില്ലാ അടിസ്ഥാനത്തില്‍ പരിശോധന നടത്തി തുറന്നു കിടക്കുന്ന കുഴല്‍ കിണറുകള്‍ ഉണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി വിവിധ വകുപ്പുകളോട് പറഞ്ഞു.
2012-13 കാലത്ത് സര്‍ക്കാര്‍ നടത്തിയ പരിശോധനയില്‍ തുറന്നു കിടക്കുന്ന കുഴല്‍ കിണറുകള്‍ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം 8258 കുഴല്‍ കിണറുകളാണ് ഭൂജല വകുപ്പ് നിര്‍മ്മിച്ചതെന്നും അതില്‍ തന്നെ സ്വകാര്യ ഏജന്‍സികള്‍ നിര്‍മ്മിച്ച കുഴല്‍ കിണറുകള്‍ക്ക് കണക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
നിലവില്‍ പാലക്കാട് ജില്ലയിലാണ് വലിയ കുഴല്‍ കിണറുകള്‍ ഉള്ളതായി ശ്രദ്ധയില്‍ പെട്ടിട്ടുള്ളത്. അവ കമ്പനികള്ക്കുള്ളിലാണെന്ന് ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കിയിരുന്നു. കുഴല്‍ കിണറുകള്‍ മൂടുന്നത് സംബന്ധിച്ച് വ്യവസായ വകുപ്പിനും ഭൂജല തദ്ദേശ വകുപ്പുകള്‍ക്കും കത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.






