
കൊച്ചി: ടെലഗ്രാമില്‍ അശ്ലീല ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്യുന്നവരെ കണ്ടെത്താനാകുമെന്ന് ഹൈക്കോടതി. ചിത്രങ്ങളും ദൃശ്യങ്ങളും ആദ്യം പോസ്റ്റ് ചെയ്യുന്നവരെ കണ്ടെത്താന്‍ സാങ്കേതിക വിദ്യയുണ്ടെന്ന് വിദഗ്ദര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു. പോസ്റ്റുകളുടെ പ്രഭവ കേന്ദ്രം തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് കേന്ദ്രം അറിയിച്ചപ്പോഴാണ് വാട്സ്ആപ്പിന്റെ കാര്യത്തില്‍ സാധ്യമാണെന്ന് ഐഐടി വിദഗ്ധന്‍ ചെന്നൈ ഹൈക്കോടതിയില്‍ വ്യക്തമാക്കിയതായി ചീഫ് ജസ്റ്റിസ് എസ് മണി കുമാര്‍ അറിയിച്ചു.
തടയാന്‍ കഴിയില്ലെന്ന് പറയുന്നത് പ്രോത്സാഹിപ്പിക്കലാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ ടെലഗ്രാം നിരോധിക്കണമെന്ന ഹര്‍ജിയില്‍ കോടതി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടി. രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണം. വിവിധ മന്ത്രാലയങ്ങള്‍ ഇക്കാര്യത്തില്‍ നടപടിയിലേക്ക് കടന്നിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ടെലഗ്രാം രാജ്യത്ത് നിരോധിക്കണമെന്നാവശ്യപ്പെട്ട് ബെംഗലൂരു ലോ കോളേജിലെ വിദ്യാര്‍ത്ഥിയും കോഴിക്കോട് തിരുവമ്പാടി സ്വദേശിയുമായ അഥീന സോളമനാണ് കോടതിയെ സമീപച്ചത്. കുട്ടികളുടെ നഗ്ന ദൃശ്യങ്ങളും ഒളിക്യാമറ ഉപയോഗിച്ച് പകര്‍ത്തുന്ന ദൃശ്യങ്ങളുമാണ് ടെലഗ്രാമിലെ ഉള്ളടക്കമെന്നും ഇത് സദാചാര വിരുദ്ധത പ്രോത്സാഹിപ്പിക്കുന്നുവെന്നുമാണ് ഹര്‍ജിയിലെ ആരോപണം.
2013ല്‍ റഷ്യയില്‍ ആരംഭിച്ച ടെലഗ്രാം ആപ്ലിക്കേഷന്‍ കേരളത്തില്‍ മാത്രം 13 ലക്ഷം പ്രേക്ഷകരുണ്ട്. രാജ്യത്തെ നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് ഈ ആപ്ലിക്കേഷന്റെ പ്രവര്ത്തരമെന്നും സര്‍ക്കാരിന് നിയന്ത്രണമില്ലെന്നും അന്വേഷണ ഏജന്‍സികള്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, വാര്‍ത്താ വിതരണ മന്ത്രാലയം, സംസ്ഥാന പോലീസ് മേധാവി, സൈബര്‍ ഡോം എന്നിവരാണ് കേസിലെ എതിര്‍കക്ഷികള്‍.






