
സിഡ്നി: ഓസ്ട്രേലിയയുടെ ഓള് റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല് ക്രിക്കറ്റില്‍ നിന്നും താത്ക്കാലിക ബ്രേക്ക് എടുക്കുന്നു. മനസിനു സുഖമില്ലാത്തതിനാല്‍ മാക്സ്വെല് താത്ക്കാലികമായി ബ്രേക്കെടുക്കുന്ന വിവരം ടീം സൈക്കോളജിസ്റ്റ് ഡോ.മൈല്‍ ലോയ്ഡാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കിടെയാണ് അപ്രതീക്ഷിതമായി മാക്സ്വെല്ലിന്റെ ബ്രേക്ക്. അഡ്ലെയ്ഡില് നടന്ന ആദ്യ മത്സരത്തില്‍ മാക്സ്വെല് അര്‍ധ സെഞ്ചുറി നേടിയിരുന്നു. ഡിആര്‍സി ഷോര്‍ട്ടാണ് മാക്സവെല്ലിന്റെ പകരക്കാരനായി എത്തിയിരിക്കുന്നത്.
കളിക്കാരുടെയും ജീവനക്കാരുടെയും ഉന്നമനത്തിനാണ് മുന്‍തൂക്കം കൊടുക്കുന്നതെന്നും ക്രിക്കറ്റ് വിക്ടോറിയയുടെ സപ്പോര്‍ട്ട് സ്റ്റാഫുമായി ചേര്‍ന്ന് മാക്സ്വെല്ലിന്റെ തിരിച്ചുവരവിനുവേണ്ടി പ്രയത്നിക്കുമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ എക്സിക്യൂട്ടീവ് ജനറല്‍ മാനേജര്‍ ബെന്‍ ഒലിവര്‍ അറിയിച്ചു. പരമ്പരകള്‍ക്കായി ദീര്ഘടകാലം ചിലവഴിക്കുമ്പോള്‍ താരങ്ങള്‍ക്ക് കുടുംബങ്ങളുമായി ചിലവഴിക്കാന്‍ സമയം ലഭിക്കുന്നില്ലെന്നും അത് താരങ്ങളെ മാനസികമായി തളര്‍ത്തുന്നുണ്ടെന്നും അടുത്തിടെ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ താരം തുറന്നുപറഞ്ഞിരുന്നു. ഓസ്ട്രേലിയയ്ക്കുവേണ്ടി ഏഴ് ടെസ്റ്റും 110 ഏകദിനങ്ങളും 61 ട്വന്റി20 മത്സരങ്ങളുമാണ് മാക്സ്വെല് കളിച്ചിട്ടുള്ളത്.






