തിരുവനന്തപുരം: കോളജ് മാറ്റം പ്രതിപക്ഷം വിവാദമാക്കിയതിനെ തുടര്‍ന്ന് പഠനം ഉപേക്ഷിച്ച പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ സഹായം. അച്ഛനും അമ്മയും നഷ്ടപ്പെട്ട അനാഥപെണ്‍കുട്ടിക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് കോളജ് മാറ്റം ലഭിച്ചത്. നെയ്യാറ്റിന്‍കര സ്വദേശിനിയായ വിജിക്ക് ആലപ്പുഴ ചേര്‍ത്തല എന്‍.എസ്.എസ് കോളജില്‍ നിന്ന് തിരുവനന്തപുരം വിമന്‍സ് കോളജിലേക്കാണ് മാറ്റം അനുവദിച്ചത്.
എന്നാല്‍ സംഭവം പ്രതിപക്ഷം വിവാദമാക്കിയതോടെ വിജി ഒന്നാം വര്‍ഷ ബിരുദ പഠനം ഉപേക്ഷിക്കുകയായിരുന്നു. പഠനം നിര്‍ത്തുകയാണെന്ന് വ്യക്തമാക്കി വിജി സിന്‍ഡിക്കേറ്റിന് നല്കിയ കത്ത് അംഗീകരിച്ചു. വിജി പഠനം ഉപേക്ഷിച്ച സംഭവം ഞെട്ടലുളവാക്കിയെന്ന് മന്ത്രി ജലീല്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. വിജിക്ക് ആറ് മാസം ദൈര്‍ഘ്യമുള്ള ആനിമേഷന്‍ ആന്‍ഡ് വെബ് ഡിസൈനിംഗ് കോഴ്സിന് ചേര്‍ന്ന് പഠിക്കാന്‍ സൗകര്യമൊരുക്കിയതായും മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. അടുത്ത വര്‍ഷം നഗരത്തിലെ ഏതെങ്കിലും കോളജില്‍ ചേര്‍ന്ന് ബിരുദ പഠനം തുടരാനും അവസരമൊരുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മന്ത്രി കെ.ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
വിജി പഠിക്കും, സർക്കാർ നെഞ്ചോട് ചേർത്തുവെക്കും.
----------------------------------------
അച്ഛൻ ചെറുപ്പത്തിലേ നഷ്ടപ്പെടുകയും അമ്മ ക്യാൻസറിന് അടിപ്പെട്ട് യാത്രയാവുകയും ചെയ്ത് അനാഥയായ തിരുവനന്തപുരം സ്വദേശിനി വിജിക്ക് ചേർത്തല NSS എയ്ഡഡ് കോളേജിലാണ് മെറിറ്റിൽ ഡിഗ്രിക്ക് പ്രവേശനം ലഭിച്ചിരുന്നത്. ഓരോ ദിവസവും ആറു മണിക്കൂർ യാത്ര ചെയ്ത് ആലപ്പുഴയിലെത്താനുള്ള പ്രയാസവും അവിടെ ഹോസ്റ്റലിൽ ചേർന്നു പഠിക്കാനുള്ള സാമ്പത്തിക പ്രയാസം കൊണ്ടുമാണ് തലസ്ഥാനത്ത് സീറ്റൊഴിഞ്ഞ് കിടക്കുന്ന സർക്കാർ വുമൻസ് കോളേജിലേക്ക് സ്ഥലം മാറ്റം നൽകി സർക്കാർ ഉത്തരവിറക്കിയത്. അതിനെതിരെയാണ് പ്രതിപക്ഷം ദുഷ്ടലാക്കോടെ എന്നെ ലക്ഷ്യമിട്ട് തുനിഞ്ഞിറങ്ങിയത്. അടിമുടി അനാവശ്യ കോലാഹലങ്ങൾ തീർത്ത വിവാദങ്ങൾ അഭിമാനിയായ വിജിയിൽ തീർത്ത അപമാനം സഹിക്കവയ്യാതെ ആ കുട്ടി ഈ വർഷം പഠിക്കേണ്ടെന്നു തീരുമാനിച്ചത് വല്ലാത്ത ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. സർക്കാർ സ്ഥാപനമായ സി - ആപ്റ്റിൽ അടുത്ത മാസം പതിനഞ്ചോടെ ആരംഭിക്കുന്ന ആറു മാസം ദൈർഘ്യമുള്ള ആനിമേഷൻ ആൻന്റ് വെബ് ഡിസൈനിംഗ് കോഴ്സിന് ചേർന്നു പഠിക്കാനുള്ള വിജിയുടെ ആഗ്രഹം ഗവൺമെന്റ് മുൻകയ്യെടുത്ത് സഫലമാക്കും. അടുത്ത അദ്ധ്യായന വർഷം നഗരത്തിലെ ഏതെങ്കിലും ഒരു കോളേജിൽ ഡിഗ്രിക്ക് സൗജന്യമായി പഠിക്കാനുള്ള സൗകര്യവും ഒരുക്കിക്കൊടുക്കും. വിജി ഒരു പ്രതീകമാണ്. ആരോരുമില്ലാത്ത ആയിരങ്ങളുടെ പ്രതീകം. അവരെപ്പോലുള്ള നിരാലംബർക്ക് താങ്ങും തണലുമായി പിണറായി സർക്കാർ എപ്പോഴും ഒപ്പമുണ്ടാകും






