
കുട്ടി ജനിക്കുമ്പോഴേ മാതാപിതാക്കള്‍ സ്വപ്നം മെനയും എന്റെ മകന് ഡോക്ടര്‍, എന്റെ മകള്‍ എഞ്ചിനീയര്‍, ഇല്ലാത്ത പണം ഉണ്ടാക്കി മെഡിസിനും എഞ്ചിനീയറിംഗിനും സീറ്റും വാങ്ങും. തൊഴിലില്ലായ്മയുടെ കാര്യത്തില്‍ ഇന്ത്യയില്‍ ഏറ്റവും മുന്നിലുള്ള കേരളത്തില്‍ പണിയില്ലാത്തവരുടെ എണ്ണം 36,25,852 ആണെന്നും ഇവരില്‍ 23,00,139 സ്ത്രീകളും 13,25,713 പുരുഷന്മാരും ആണെന്നും കണക്കുകള്‍.
വന്‍തുക ചെലവ് വരുന്ന മെഡിസിന് മേഖലയിലെ ഡോക്ടറും നഴ്സിംഗും പഠിച്ചിറങ്ങിയ 19,000 പേര്‍ക്കാണ് ഇതുവരെ പണി കിട്ടിയിട്ടില്ലാത്തത്. 7,303 പേര് ഡോക്ടര്‍ മോഹം സഫലമാകാതെ കാത്തിരിക്കുമ്പോള്‍ എഞ്ചിനീയറിംഗ് ബിരുദധാരികളില്‍ പണിയില്ലാത്തവരുടെ എണ്ണം 44,559 ഓളം വരും. നഴ്സിംഗ് ഗ്രാജുവേറ്റുകള്‍ ആയിട്ടും ജോലി കിട്ടാതെ 12,006 പേര് നില്ക്കുമ്പോള് തൊഴിലില്ലാത്ത എംബിഎ നേടിയിട്ടും ജോലിക്ക്വ പോകാന്‍ കഴിയത്തവര്‍ 6,413 ആണ്. എംസിഎയുടെ സര്‍ട്ടിഫിക്കറ്റ് കക്ഷത്തില്‍ വെച്ച് നടക്കുന്നവര്‍ 3771 ആണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
എളുപ്പം ജോലി കിട്ടുമെന്ന പ്രതീക്ഷയില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസം തെരഞ്ഞെടുത്തിട്ടും പണിയില്ലാതെ കഴിയുന്ന പ്രൊഫഷണല്‍ ബിരുദധാരികളുടെ എണ്ണം 1,43,453 ഓളം വരും. തൊഴിലില്ലാത്ത യുവാക്കളില്‍ 3,31,192 പേരാണ് ഡിഗ്രി പാസ്സായി കാത്തിരിക്കുന്നത്. പോസ്റ്റ് ഗ്രാജ്വേഷന് കഴിഞ്ഞ 94,590 പേര്‍ക്കും ഇതുവരെ ജോലി കിട്ടിയിട്ടില്ല. തൊഴിലില്ലായ്മയുടെ സംസ്ഥാന ശരാശരി 9.53 ശതമാനമാണ്. ദേശീയ ശരാശരി 6.1 ശതമാനവും.
ഇവരുടെയെല്ലാം മൊത്തത്തില്‍ കണക്കിലെടുക്കുമ്പോള്‍ 36,25,852 പേര് അഭ്യസ്തവിദ്യരായി തൊഴിലില്ലാതെ കഴിയുന്നെന്നാണ് സര്‍ക്കാര്‍ കണക്ക്. വിഎസ് ശിവകുമാറിന്റെ ചോദ്യത്തിന് തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണനാണ് കേരളത്തിലെ തൊഴിലില്ലായ്മയുടെ കണക്ക് ബുധനാഴ്ച നിയമസഭയെ അറിയിച്ചത്. തൊഴിലില്ലായ്മയുടെ ദേശീയ ശരാശരിയേക്കാള്‍ മുകളില്‍ നില്‍ക്കുന്നത് മൂന്ന് സംസ്ഥാനങ്ങളാണ്. 18.1 ശതമാനം തൊഴിലില്ലായ്മാ നിരക്കുള്ള സിക്കിമും 19.7 ശതമാനം വരുന്ന ത്രിപുരയും കേരളത്തിന് മുന്നിലുണ്ട്.






