
തിരുവനന്തപുരം: 2019 ലെ എഴുത്തച്ഛന് പുരസ്കാരം നോവലിസ്റ്റും ചെറുകഥാകൃത്തുമായ ആനന്ദ് എന്ന തൂലികനാമത്തില്‍ അറിയപ്പെടുന്ന പി.സച്ചിദാനന്ദന്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് എഴുത്തച്ഛന് പുരസ്കാരം നല്‍കുന്നത്. ഭാഷാ പിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ നാമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന ഏറ്റവും വലിയ സാഹിത്യപുരസ്കാരമാണിത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം.
സാഹിത്യ അക്കാദമി പ്രസിഡന്റ വൈശാഖന് അധ്യക്ഷനായ സമിതിയാണ് പുരസ്കാര നിര്‍ണയം നടത്തിയത്. സാംസ്കാരിക മന്ത്രി എ.കെ. ബാലനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. മരുഭൂമികള്‍ ഉണ്ടാകുന്നത്, മരണസര്‍ട്ടഫിക്കറ്റ്, ഗോവര്ഖന്റെ യാത്രകള്‍, ഒടിയുന്ന കുരിശ്, ആള്‍ക്കൂട്ടം, അഭയാര്‍ത്ഥികള്‍ തുടങ്ങിയ കൃതികള്‍ ഏറെ പ്രസിദ്ധമാണ്. 1936 ല്‍ ഇരിങ്ങാലക്കുടയിലാണ് ആനന്ദിന്റെ ജനനം. നോവല്‍, ചെറുകഥ, നാടകം, ലേഖനം, പഠനം എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലായി ഇരുപതോളം കൃതികള്‍ രചിച്ചിട്ടുണ്ട്.
1977 ല്‍ ഗോവര്‍ധന്റെ യാത്രകള്‍ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. മരുഭൂമികള്‍ ഉണ്ടാവുന്നത് എന്ന കൃതിക്ക് വയലാര്‍ അവാര്‍ഡും ലഭിച്ചു. 2012 ല്‍ വിവര്‍ത്തനത്തിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവും ആനന്ദിനെ തേടിയെത്തിയിട്ടുണ്ട്.






