
കോഴിക്കോട്: കൊടുവള്ളിയില്‍ ജ്യേഷ്ഠന് അനുജനെ കുത്തിക്കൊലപ്പെടുത്തി. വലിയപറമ്പ് സ്വദേശിയായ പ്രസാദ് (50) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരന് പ്രമോദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
കൊടുവള്ളിയിലെ വീട്ടില്‍ ഇരുവരും മാത്രമായിരുന്നു താമസിച്ചിരുന്നത്. ഇവരുടെ കുടുംബസ്വത്തുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ശനിയാഴ്ചയും ഇത് സംബന്ധിച്ച് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും, ഇതിനിടെ പ്രമോദ് പ്രസാദിനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. മദ്യലഹരിയിലായിരുന്നപ്പോഴാണ് ഇയാള്‍ കൊലപാതകം നടത്തിയതെന്ന് പോലീസ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാക്കി.
സംഭവസ്ഥലത്തെത്തിയ പോലീസ് ഉടന്‍ തന്നെ പ്രമോദിനെ കസ്റ്റഡിയിലെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രസാദിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. കേസുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ പോലീസ് സ്വീകരിച്ചു വരികയാണ്.






