
മക്ഡൊണാള്‍ഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സ്റ്റീവ് ഈസ്റ്റര്‍ബ്രൂക്കിനെ പുറത്താക്കി. ജീവനക്കാരിയുമായി അടുത്തിടപഴകിയതോടെ കമ്പനി നയം ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് 52 കാരനായ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ പുറത്താക്കിയത്. ഈസ്റ്റര്‍ബ്രൂക്കിനെതിരായ ആരോപണം വിശദമായി ചര്‍ച്ച ചെയ്ത കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അദ്ദേഹത്തെ പുറത്താക്കാനുള്ള തീരുമാനം വോട്ടിനിട്ട് പാസാക്കിയിരുന്നു. ബ്രിട്ടീഷ് വംശജനായ മുന്‍ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവുമായ ഈസ്റ്റര്‍ ബ്രൂക്കിന്റെ തീരുമാനം ശരിയായില്ലെന്ന് മക്ഡൊണാള്‍ഡ് പറഞ്ഞു.
'കമ്പനിയുടെ മൂല്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, ഞാന്‍ പടിയിറങ്ങേണ്ട സമയമാണിത്'- ഈസ്റ്റര്‍ബ്രൂക്ക് പറഞ്ഞു. ജീവനക്കാരുമായി നേരിട്ടോ, പരോക്ഷമായോ പ്രണയബന്ധം പുലര്‍ത്തുന്നതില്‍ നിന്നും മാനേജര്‍മാരേ കമ്പനി വിലക്കുന്നു. മക്ഡൊണാള്‍ഡില്‍ ഈസ്റ്റര്‍ബ്രൂക്ക് 1993-ലാണ് എത്തുന്നത്. 2006-ല്‍ ബ്രിട്ടീഷ് ബ്രാഞ്ചിന്റെ മേധാവിയായി. തുടര്‍ന്ന് 1,800 റെസ്റ്റോറന്റുകളുടെ മേല്‍നോട്ടമുള്ള വടക്കന്‍ യൂറോപ്യന്‍ മേഖലാ പ്രസിഡന്റായി. 2011-ല്‍ കമ്പനി വിട്ട അദ്ദേഹം പിസ്സ എക്സ്പ്രസിന്റെയും പിന്നീട് വാഗാമയുടെയും ചീഫ് എക്സിക്യൂട്ടീവ് ആയി. 2013-ല്‍ ആഗോള ചീഫ് ബ്രാന്‍ഡ് ഓഫീസറായി വീണ്ടും മക്ഡൊണാള്‍ഡിലേക്ക്. 2015-ല്‍ അദ്ദേഹം ചീഫ് എക്സിക്യൂട്ടീവ് ആയി.
2017-ല്‍ മൊത്തം 21.8 മില്യണ്‍ ഡോളറായിരുന്നു അദ്ദേഹത്തിന്റെ പ്രതിഫലം. മക്ഡൊണാള്‍ഡിന്റെ ഓഹരി വിലയ്ക്കൊപ്പം ഈസ്റ്റര്‍ബ്രൂക്കിന്റെ പ്രതിഫലവും ഉയര്‍ന്നിട്ടുണ്ടെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മക്ഡൊണാള്‍ഡ്സ് അതിന്റെ മൂന്നാം പാദ വരുമാന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ്. സ്റ്റോര്‍ റീ മോഡലിംഗിനായി വളരെയധികം ചെലവഴിക്കുകയും ഡെലിവറി സേവനം വിപുലീകരിക്കുകയും ചെയ്തതോടെ രണ്ടാഴ്ച മുമ്പ് അവരുടെ വരുമാനത്തില്‍ 2% ഇടിവ് രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ ഓഹരി വില 7.5% കുറഞ്ഞു. അതേസമയം, നേതൃമാറ്റവും വിപണിയിലെ കമ്പനിയുടെ പ്രകടനവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് ഒരു വാര്‍ത്താക്കുറിപ്പിലൂടെ കമ്പനി അറിയിച്ചു.






