
തൃശ്ശൂര്‍: ആട് ഒരു ഭീകര ജീവിയാണ് എന്ന സിനിമയിലൂടെ ഷാജിപാപ്പനും സംഘവും കേരളത്തിലുണ്ടാക്കിയ ഓളം ചെറുതല്ല. ആട് 2 വിന്റെ വിജയവും അതാണ് കാണിച്ച് തരുന്നത്. നടന് ജയസൂര്യയുടെ കരിയറില്‍ ബസ്റ്റ് സിനിമയായിരുന്നു ആട് 2. ചിത്രത്തിന്റെ മൂന്നാം ഭാഗം പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ഒരു വിവരവും പ്രേക്ഷകര്‍ക്ക് ലഭിച്ചിരുന്നില്ല.
ഇപ്പോഴിതാ 'ആട് 3' ഷൂട്ടിംഗും റിലീസും പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാവ് വിജയ് ബാബുവും ജയസൂര്യയും സംവിധായകന് മിഥുന് മാനുവല്‍ തോമസും. അതും ആട് ബിരിയാണി വച്ചുകൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പ്രഖ്യാപിച്ചത്. അടുത്ത ഏപ്രില്‍ മേയ് മാസത്തില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ഓണത്തിന് 'ആട് 3' തീയറ്ററുകളിലെത്തും.
ഫ്രൈഡേ ഫിലിംസിന്റെ തന്നെ ചിത്രമായ 'തൃശ്ശൂര്‍ പൂര'ത്തിന്റെ ചിത്രീകരണം അവസാനിക്കുന്ന ദിവസമാണ് പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിയതി പ്രഖ്യാപിച്ചത്. നേരത്തെ ആട് 2ന്റെ വിജയാഘോഷത്തിന്റെ വേളയിലായിരുന്നു ആട് 3 പ്രഖ്യാപിച്ചത്.
2015ലാണ് വിജയ്ബാബുവും സാന്ദ്രാ തോമസും ചേര്‍ന്ന് നിര്‍മ്മിച്ച 'ആട് ഒരു ഭീകരജീവിയാണ്' തീയറ്ററില്‍ എത്തിയത്. പക്ഷെ തീയറ്ററുകകളില് പരാജയപ്പെട്ടു. എന്നാല്‍ ഡിവിഡി റിലീസ് ചെയ്തതോടെയാണ് ചിത്രവും ജയസൂര്യയുടെ ഷാജി പാപ്പനും സൂപ്പര്‍ ഹിറ്റായി മാറിയത്. ആരാധകരുടെ തുടര്‍ച്ചയായ ആവശ്യത്തെ തുടര്‍ന്ന് വീണ്ടും ഒരുക്കിയ ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ആട് 2' കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22ന് തീയറ്ററില്‍ എത്തിയിരുന്നു. ചിത്രത്തിന് റെക്കോര്‍ഡ് വിജയം നല്‍കികൊണ്ടാണ് ഷാജിപാപ്പന്റെ രണ്ടാം വരവ് ആരാധകര്‍ ആഘോഷമാക്കിയത്.






