
ഒരു ദശാബ്ദത്തിലേറെയായി മലയാള സിനിമയിലെ ഛായാഗ്രാഹകനായിരുന്നു ജിബു ജേക്കബ്. ബിജു മേനോനെ നായകനാക്കി വെള്ളിമൂങ്ങ എന്ന ചിത്രം ചെയ്തതോടെ അദ്ദേഹം സംവിധാന രംഗത്തേക്കും കാലെടുത്തു വെയ്ക്കുകയായിരുന്നു. തുടര്‍ന്ന് മോഹന്‍ലാല്‍ നായകനായെത്തിയ 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍', ബിജുമേനോന്റെ 'ആദ്യരാത്രി' എന്നീ ഹിറ്റുകള്‍ അദ്ദേഹം സമ്മാനിച്ചു.
ഇപ്പോള്‍ പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുമായുള്ള ഒരു അനുഭവം പങ്കുവെയ്ക്കുകയാണ് ജിബു ജേക്കബ്. മമ്മൂട്ടിയോടൊപ്പമുള്ള പേടിപ്പെടുത്തുന്നതും ഏറ്റവും സന്തോഷകരമായ ഒരു ഡ്രൈവിംഗ് അനുഭവമാണ് ജിബു ജേക്കബ് പങ്കുവെച്ചത്. '' മമ്മൂക്ക നായകനായ തസ്കരവീരന് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പാലക്കാട് നടക്കുമ്പോഴായിരുന്നു അത്. ഷൂട്ടിംഗിനിടെ മമ്മൂക്ക എന്നെ കാറിന്റെ സൈഡില്‍ ഇരുത്തി ഓടിച്ചു. ഞാന്‍ വാഹനത്തിലിരുന്ന് ഇത്രയധികം പേടിച്ച സംഭവം മുമ്പുണ്ടായിട്ടില്ല. മമ്മൂക്ക പോകുന്ന സ്പീഡ്......സത്യത്തില്‍ ഞാന്‍ കാറിലിരുന്ന് അമ്മേ എന്ന് വിളിച്ചില്ലെന്ന് മാത്രം. സ്പീഡ് കുറയ്ക്കാന്‍ ഞാന്‍ മമ്മൂക്കയോട് പറഞ്ഞു. പക്ഷേ, മമ്മൂക്ക തിരിച്ചു ചോദിച്ചത്, നീ ഇത്രയും സ്പീഡില്‍ കാറില്‍ പോയിട്ടുണ്ടോ എന്നാണ്. വല്ലാത്ത ഒരു അനുഭവമായിരുന്നു അത്'' - ജിബു ജേക്കബ് പറഞ്ഞു.






