
വാഷിംഗ്ടണ്‍: അമേരിക്കയില്‍ കോണ്‍ഗ്രസിലേക്കും പ്രദേശിക ഭരണസമിതിയിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ നാല് ഇന്ത്യന്‍ വംശജര്‍ക്ക് വിജയം. ഇവരില്‍ രണ്ടു പേര് വനിതകളാണ്.
വിര്‍ജിനിയ സ്റ്റേറ്റ് സെനറ്റ് സീറ്റില്‍ വിജയിച്ച ഗസാല ഹാഷ്മിയാണ് മിന്നുന്ന പ്രകടനം കാഴ്വച്ചത്. കമ്മ്യുണിറ്റി കോളജില്‍ മുന്‍ പ്രൊഫസര്‍ ആയ ഇവര്‍ സംസ്ഥാനത്തുനിന്നും ആദ്യമായി സെനറ്റില്‍ എത്തുന്ന മുസ്ലീം വനിത കൂടിയാണ്. ബാരക് ഒബാമ പ്രസിഡന്റായിരിക്കേ വൈറ്റ് ഹൗസ് ടെക്നോളജി അഡ്വൈസര്‍ ആയിരുന്ന സുഹാസ് സുബ്രഹ്മണ്യന് വിര്‍ജീനിയ സ്റ്റേറ്റില്‍ നിന്നും ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
റിപ്പബ്ലിക്കന്‍ സെനറ്ററായ ഗ്ലെന്‍ സ്റ്റുര്ട്ടെവന്റിലെ വിര്‍ജീനിയയിലെ 10ാം സെനറ്റ് ജില്ലയില്‍ പരാജയപ്പെടുത്തിയാണ് ആദ്യ മത്സരത്തില്‍ തന്നെ ഡെമോക്രാറ്റിക് ആയ ഹാഷ്മി വിജയിച്ചത്. അമ്പത് വര്‍ഷം മുന്‍പ് അമേരിക്കയിലേക്ക് കുടിയേറിയതാണ് ഹാഷ്മിയുടെ കുടുംബം.
തമിഴ്നാട്ടില്‍ നിന്നും കാലിഫോര്‍ണിയയിലേക്ക് കുടിയേറിയ മനോ രാജു വിജയിച്ച മറ്റൊരു ഇന്ത്യന്‍ വംശജന്. സാന്‍ ഫ്രാന്‍സിസ്കോയില്‍ നിന്നാണ് ഇദ്ദേഹം വിജയിച്ചത്. നോര്‍ത്ത് കരോലിനയില്‍ നിന്നും ഷാര്‍ലെറ്റ് സിറ്റി കൗണ്‍സിലിലേക്ക് വിജയിച്ച ഡിംപിള്‍ അജ്മേരയാണ് നാലാമത്തെയാള്‍.






