
ലക്നൗ: അയോദ്ധ്യയുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വിധി വരാനിരിക്കെ ഭീകരാക്രമണ ഭീതിയില്‍ നഗരം കടുത്ത സുരക്ഷാ വലയത്തിലേക്ക്. നഗരത്തില്‍ 30 ലധികം ബോംബ് സ്ക്വാഡുകളെ വിന്യസിപ്പിച്ചു. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയി നവംബര്‍ 17 ന് വിരമിക്കാനിരിക്കെ അതിന് മുമ്പായി വിധി വരുമെന്നാണ് സൂചനകള്‍.
നവംബര്‍ 12 ന് മുമ്പായി എല്ലാ ജോലിക്കാരെയും ദൂരേയ്ക്ക് മാറ്റണമെന്ന് ധര്‍മ്മശാലകള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ചൊവ്വാഴ്ച രാത്രിയോടെ ധര്മ്മശാലകളെല്ലാം ശൂന്യമാക്കണമെന്നും നാട്ടുകാരല്ലാത്ത ഒരാള്‍ പോലും നഗരത്തില്‍ കാണരുതെന്നുമാണ് നിര്‍ദേശം. നവംബര്‍ 10 മുതല്‍ അയോധ്യ സൈന്യത്തിന്റെ കയ്യിലാകും. കേന്ദ്രവും സംസ്ഥാനവും പാതിയെന്ന നിലയില്‍ 300 സുരക്ഷാ കമ്പനികളെയെങ്കിലും സുരക്ഷയ്ക്കായി ഇറക്കും. സുരക്ഷാ സേനയ്ക്ക് താമസിക്കാന്‍ അയോധ്യയിലെ 300 സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്.
തര്‍ക്ക സൈറ്റിന് സമീപത്തെ ഏരിയയായ രാംകോട്ടിലേക്കുള്ള എല്ലാ പാതകളും അടയ്ക്കും. അയോധ്യ ഭൂമിയുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 16 മുതല്‍ 40 ദിവസത്തോളം നീണ്ട മാരത്തോണ്‍ വിചാരണ നടന്നതിന് പിന്നാലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ആഭ്യന്തമന്ത്രാലയം സുരക്ഷാനിര്‍ദേശം നല്‍കിയിട്ടുണ്ട്.






