
വാരണാസി: ബനാറാസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ സംസ്കൃത വിഭാഗത്തിന്റെ അസിസ്റ്റന്റ് പ്രൊഫസറായി മുസ്ലീം അധ്യാപകനെ നിയമിച്ചതില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ സൂചകമായി സംസ്കൃത പഠന വിഭാഗമായ സംസ്കൃത് വിദ്യാന് ധര്‍മ് വിഞ്ജ്യാനിലെ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ കുത്തിയിരിപ്പ് സമരം നടത്തി.
സംസ്കൃത പഠന വിഭാഗത്തിലെ സാഹിത്യ പഠനശാഖയിലാണ് അധ്യാപകന് നിയമനം. അധ്യാപകനെ പുറത്താക്കാന്‍ ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ബനാറസ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ രാകേഷ് ഭട്നഗറിന് നല്കിയ കത്തില്‍ പറയുന്നത് ഇങ്ങനെയാണ്. സര്‍വകലാശാല സ്ഥാപകനായ പണ്ഡിത് മദന്‍ മോഹന്‍ മല്‍വിയ സംസ്കൃത പഠന വിഭാഗത്തെ സര്‍വകലാശാലയുടെ ഹൃദയമായാണ് കണ്ടത്.
ഈ പഠനവിഭാഗം മതപരവും സാംസ്കാരികവും ചരിത്രപരവുമായ വിശകലനങ്ങള്ക്കുള്ളതും സനാതന ഹിന്ദു ധര്‍മ്മവും ഹിന്ദു മത വകഭേദങ്ങളായ ആര്യ സമാജ്, ബുദ്ധമതം, സിഖ്, ജൈന മതങ്ങളുമായി ബന്ധപ്പെട്ടതുമാണ്.
ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ടും മുസ്ലിം മതസ്ഥനെ ഈ തസ്തികയിലേക്ക് നിയമിച്ചത് ഗൂഡാലോചനയുടെ ഭാഗമാണെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. സര്‍വ്വകലാശാലയുടെ ആദര്‍ശങ്ങള്‍ക്ക് എതിരാണ് നിയമനം എന്നും എത്രയും പെട്ടന്ന് അധ്യാപകനെ പിന്‍വലിക്കാനും കത്തില്‍ ആവശ്യപ്പെടുന്നു.
എന്നാല്‍ യു.ജി.സി മാനദണ്ഡങ്ങള്‍ പാലിച്ചും അധ്യാപകന്റെ അക്കാദമിക് യോഗ്യതകളും പരിഗണിച്ചുമാണ് നിയമനം നടത്തിയതെന്നാണ് സര്‍വ്വകലാശാല അധികൃതര്‍ പറയുന്നത്.






