
തിരുവനന്തപുരം: സിഇടി എഞ്ചിനീയറിങ് കോളേജില്‍ വിദ്യാര്‍ത്ഥിയെ കോളേജിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ എസ്സി-എസ്ടി( പട്ടികജാതി പട്ടികവര്‍ഗ്ഗ) കമ്മീഷന് കേസെടുത്തു. ശ്രീകാര്യം സിഇടി കോളേജിലെത്തി പരിശോധന നടത്തിയതിനു ശേഷമാണ് കമ്മീഷന് കേസെടുത്തത്. കേസില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്താനും പോലീസിന് കമ്മീഷന് നിര്‍ദേശം നല്കി.
ഒരു മാസത്തിനകം ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷന് പോലീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്. കോളജില്‍ നിന്നും പരീക്ഷ കഴിഞ്ഞിറങ്ങിയ ശേഷം കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം രണ്ട് ദിവസത്തിന് ശേഷം കണ്ടെത്തുകയായിരുന്നു. കാമ്പസിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ചനിലയിലായിരുന്നു കണ്ടെത്തിയത്. സി.ഇ.ടിയിലെ ഒന്നാംവര്‍ഷ സിവില്‍ എന്ജിനിയറിങ്ങ്് വിദ്യാര്‍ത്ഥി നെയ്യാറ്റിന്‍കര സ്വദേശി രതീഷ് കുമാറിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 19 വയസ്സായിരുന്നു.
രതീഷിനെ കാണാനില്ലെന്ന് കണിച്ച് മാതൃസഹോദരി ഗിരിജ കഴിഞ്ഞദിവസം ശ്രീകാര്യം പോലീസില്‍ പരാതി നല്‍കിയിരുന്നു. വെള്ളിയാഴ്ച ഒന്നാം സെമസ്റ്റര്‍ പരീക്ഷയെഴുതാന്‍ ഒന്‍പത് മണിയോടെ ഗിരിജയ്ക്കൊപ്പം രതീഷ് കോളജില്‍ എത്തിയിരുന്നു. എന്നാല്‍, തിരികെ കൂട്ടിക്കൊണ്ടുപോകുവാന്‍ എത്തിയപ്പോള്‍ രതീഷ് പരീക്ഷ അവസാനിക്കുന്നതിന് മൂക്കാല്‍ മണിക്കൂര്‍ മുന്‍പ് ക്ലാസില്‍ നിന്നും പുറത്തേക്ക് പോയെന്ന് സുഹൃത്തുക്കള്‍ പറയുകയായിരുന്നു.
വിദ്യാര്‍ത്ഥികള്‍ രതീഷിനെ തിരഞ്ഞുവെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പിന്നീട് കോളജിലെ ശുചിമുറി അകത്തുനിന്നും പൂട്ടിയിട്ടുണ്ടെന്ന് കണ്ടെത്തിയ സെക്യൂരിറ്റി ജീവനക്കാര്‍ പൂട്ട് പൊളിച്ച് കയറിയപ്പോഴാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. കഞ്ചാവ് മാഫിയക്ക് മരണത്തില്‍ പങ്കുണ്ടെന്നും ആരോപണം ഉയരുന്നുണ്ട്. നേരത്തെ നെയ്യാറ്റിന്‍കരയില്‍ രതീഷ് താമസിച്ചിരുന്ന വീടിന് മുന്നിലുള്ള കടയില്‍ കഞ്ചാവ് വില്പന നടക്കുകയാണെന്ന് കണ്ടെത്തുകയും എക്സൈസ് പ്രതികളെ പിടികൂടുകയും ചെയ്തു. എക്സൈസിന് വിവരം നല്‍കിയത് രതീഷാണെന്ന് പറഞ്ഞ് ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. പിന്നീടാണ് ഇയാള്‍ ഉള്ളൂരിലേക്ക് താമസം മാറ്റിയത്. അമ്മ മരിച്ച രതീഷ്കുമാര്‍ ഗിരിജയുടെ സംരക്ഷണത്തിലാണ് കഴിഞ്ഞിരുന്നത്.






