ന്യുഡല്‍ഹി: കര്‍ണാടകയില്‍ ബി.ജെ.പി പക്ഷത്തേക്ക് കൂറുമാറിയ കോണ്‍ഗ്രസ് എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടിക്കെതിരായ ഹര്‍ജിയില്‍ ബുധനാഴ്ച സുപ്രീം കോടതി വിധി പറയും. കോണ്‍ഗ്രസിന്റെയും ജെ.ഡി.എസിന്റെയും 17 എം.എല്‍.എമാരെയാണ് അന്നത്തെ സ്പീക്കര്‍ കെ.ആര് രമേഷ് അയോഗ്യരാക്കിയത്. ഇതിനെതിരെ എം.എല്‍.എമാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
ജസ്റ്റിസുമാരായ എന്‍.വി രാമണ്ണ, സഞ്ജീവ് ഖന്ന, കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് കേസില്‍ വിധി പറയുന്നത്. പതിനേഴ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് കൂറുമാറിയതോടെയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ വീണത്. എം.എല്‍.എമാരെ മുംബൈയിലെ റിസോര്‍ട്ടിലേക്ക് മാറ്റിയ ബി.ജെ.പി സംസ്ഥാനത്ത് ഒരു മാസത്തോളം രാഷ്ട്രീയ നാടകത്തിന് വഴിയൊരുക്കി.
തുടര്‍ന്ന് വിശ്വാസ വോട്ടെടുപ്പിന് തൊട്ടുമുമ്പ് എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കി. വിശ്വാസ വോട്ടില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി കുമാരസ്വാമി രാജിവയ്ക്കുകയും ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വരികയും ചെയ്തു. എം.എല്‍.എമാരെ അയോഗ്യരാക്കിയതിനെ തുടര്‍ന്ന് ഒഴിവുവന്ന 17 സീറ്റുകളില്‍ 15 മണ്ഡലങ്ങളില്‍ ഡിസംബര്‍ അഞ്ചിന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സുപ്രീം കോടതി വിധി നിര്‍ണായകമാണ്.
തങ്ങളുടെ ഹര്‍ജിയില്‍ സുപ്രീം കോടതി വിധി പറഞ്ഞിട്ടില്ലാത്തതിനാല്‍ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എല്‍.എമാര്‍ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് കേരളത്തിലടക്കം നടന്ന ഉപതിരഞ്ഞെടുപ്പിനൊപ്പം നടക്കേണ്ടിയിരുന്ന കര്‍ണാടക ഉപതിരഞ്ഞെടുപ്പ് മാറ്റിയത്. നവംബര്‍ 11 മുതല്‍ 18 വരെ കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. ഈ സാഹചര്യത്തില്‍ സുപ്രീം കോടതിയുടെ തീരുമാനം നിര്‍ണായകമാണ്.






