
തിരുവനന്തപുരം : പി എസ് സി ആംഡ് പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷാ റാങ്ക് പട്ടികയില്‍ ഉള്ളവര്‍ക്ക് ഒരാഴ്ചക്കുള്ളില്‍ നിയമന ശുപാര്‍ശ. തട്ടിപ്പ് കേസിലെ പ്രതികളെ മാത്രം ഒഴിവാക്കി നിയമനവുമായി മുന്നോട്ട് പോകാനാണ് പി എസ് സിയുെട തീരുമാനം. പ്രതികള്‍ ഉള്‍പ്പെട്ടിരുന്ന കാസര്‍കോട് ആംഡ് പോലീസ് കോണ്‍സ്റ്റബിള്‍ ബറ്റാലിയന് റാങ്ക് പട്ടിക നാല് മാസമായി പി എസ് സി മരവിപ്പിച്ചിരിക്കുകയായിരുന്നു. മൂന്ന് പേര് മാത്രമേ ക്രമക്കേട് നടത്തിയിട്ടുള്ളൂ എന്ന് ക്രൈം ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നിയമനവുമായി പി എസ് സി മുന്നോട്ട് പോകുന്നത്.
പരീക്ഷാ തട്ടിപ്പില്‍ ശിവരജ്ഞത്തും നസീമും മാത്രമേ ക്രമക്കേട് നടത്തിയുട്ടുള്ളൂ എന്നും അല്ലാതെ ആരും ക്രമക്കേട് നടത്തിയിട്ടില്ല എന്നും ക്രൈംബ്രാഞ്ച് എഡിജിപി ടോമിന് തച്ചങ്കരിയുടെ റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ പരീക്ഷ റദ്ദാക്കേണ്ട കാര്യമില്ല എന്നും പി എസ് സി നിയമനം തടയേണ്ടതില്ല എന്നും പി എസ് സിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു.
അതേസമയം പി എസ് സി പരീക്ഷാ ഹാളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. പരീക്ഷാ ഹോളില്‍ മൊബൈല്‍ ഫോണും വാച്ചും നിരോധിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. ഇവ കൈയ്യില്‍ ഉള്ളവരുടെ പരീക്ഷ റദ്ദാക്കാന്‍ പി എസ് സി നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് കൂടാതെ പേഴ്സ്, ഭക്ഷ്യവസ്തുകള്‍ എന്നിവയും കള്‍ശനമായി നിരോധിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം അറിയിച്ചത്.






