
പഠിക്കാന്‍ ഇഷ്ടമല്ല, കോടീശ്വരന്റെ മകന് വീടുവിട്ടിറങ്ങി തട്ടുകടയില്‍ ജോലിക്കാരനായി. ഗുജറാത്തിലെ വഡോദരയിലെ ഓയില്‍ വ്യാപാരിയുടെ മകന് ദ്വാരകേശ് എന്ന 19 വയസുകാരനാണ് ഒക്ടോബര്‍ 14ന് നാടുവിട്ടത്. കോളേജിലെക്കെന്ന് പറഞ്ഞ് ഇറങ്ങിയ ദ്വാരകേശ് ഡല്‍ഹിയിലേക്കാണ് പോയത്. തന്നെ കണ്ടെത്താതിരിക്കാനായി മൊബൈല്‍ ഫോണും ഉപേക്ഷിച്ചു. ഡല്‍ഹിയില്‍ നിന്നും ദ്വാരകേശ് ഷിംലയിലേക്ക് തിരിച്ചു. അവിടെ വഴിയോരത്തുള്ള കടകളില്‍ പാത്രം കഴുകലായിരുന്നു ജോലി. പോലീസുകാരുടെ മുന്നിലുണ്ടായിരുന്ന ഏക തെളിവ് വഡോര സ്റ്റേഷനില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ഓട്ടോ ഡ്രൈവറുടെ മൊഴിയും മാത്രമായിരുന്നു.
ഷിംലയില്‍ ജോലി അന്വേഷിച്ച് ദ്വാരകേശ് വലിയൊരു ഹോട്ടലില്‍ എത്തിയതോടെയാണ് സംഭവത്തിന്റെ ഗതിമാറുന്നത്. ദ്വാരകേശിനെ കണ്ട ഹോട്ടല്‍ ഉടമയ്ക്ക് സംശയം തോന്നി. തെരുവില്‍ ജീവിക്കുന്ന കുട്ടികളുടെ രീതിയോ പെരുമാറ്റമോ ആയിരുന്നില്ല ദ്വാരകേശിന്. സൂത്രത്തില്‍ അദ്ദേഹം ദ്വാരകേശിന്റെ ഐഡികാര്‍ഡ് വാങ്ങി. ഗുജറാത്തിലെ പഡ്ര എന്ന സ്ഥലത്തുനിന്നാണ് എത്തിയതെന്ന് കണ്ട് ഹോട്ടലുടമ ഇന്റര്‍നെറ്റില്‍ നിന്നും പഡ്ര പോലീസ് സ്റ്റേഷന്റെ നമ്പര്‍ കണ്ടത്തി വിളിച്ച് വിവരം പറഞ്ഞു. ഒപ്പം പോലീസിന് ഐഡി കാര്‍ഡിലെ ഫോട്ടോയും അയച്ചു.
ഹോട്ടലില്‍ എത്തിയ കൗമാരക്കാരന് ദ്വാരകേശ് തന്നെയാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഷിംലയില്‍ കടത്തിണ്ണയില്‍ ദ്വാരകേശ് കിടന്നുറങ്ങുന്നത് കണ്ടെത്തി. എന്തിനാണ് വീടുവിട്ടതെന്ന് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് തനിക്ക് പഠിക്കാന്‍ ആഗ്രഹമില്ലെന്നും അച്ഛന്റെ പണം കൊണ്ടല്ലാതെ സ്വന്തമായി അധ്വാനിച്ച് സമ്പന്നന് ആകാനാണ് ആഗ്രഹമെന്നും ദ്വാരകേശ് അറിയിച്ചു. ദ്വാരകേശിന്റെ വാര്‍ത്ത കണ്ട് ആനന്ദ്മഹേന്ദ്ര തന്റെ കമ്പനിയില്‍ ഇന്റണ്ഷിപ്പിനുള്ള അവസരം നല്‍കാമെന്ന് ട്വീറ്റ് ചെയ്തു.






