
സമീപ കാലത്ത് പുറത്തിറങ്ങിയ നിരവധി സിനിമകളില്‍ കൂടുതലും സുരാജിനേക്കാള്‍ പ്രായമുള്ള കഥാപാത്രമാണ് സുരാജ് അവതരിപ്പിക്കുന്നത്. പലതും അച്ഛന് കഥാപാത്രങ്ങളും. പ്രായമായ കഥാപാത്രത്തെ സ്ഥിരമായി അവതരിപ്പിക്കുന്നതിന്റെ പാര്‍ശ്വഫലത്തെ കുറിച്ച് മമ്മൂട്ടി തന്നോട് സംസാരിച്ചെന്ന് പറയുകയാണ് സുരാജ് വെഞ്ഞാറമൂട്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
'മമ്മൂക്ക ഇന്നലെ പറഞ്ഞു, 'നീ കെളവനേയും ചെയ്ത് നടന്നോ. നെടുമുടിയുടേയും തിലകന്റേയുമൊക്കെ അവസ്ഥയറിയാല്ലോ. ചെറിയ പ്രായത്തില്‍ തന്നെ വലിയ സംഭവങ്ങള്‍ ചെയ്തു.' ഇല്ല ഇക്കാ, ഞാന്‍ ഇതോടെ ഈ പരിപാടി നിര്‍ത്തുവാ. എന്നിട്ട് ഇക്കയുടെ ചുവടുപിടിക്കാം എന്നു പറഞ്ഞു'. അഭിമുഖത്തില്‍ സുരാജ് വ്യക്തമാക്കി.
ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലെ കഥാപാത്രമാണ് സുരാജ് എന്ന നടന് അഭിനയരംഗത്ത് ബ്രേക്ക് നേടിക്കൊടുത്തത്. ഡോ. ബിജുവിന്റെ പേരറിയാത്തവരിലൂടെ അതിനു മുന്‍പേ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നെങ്കിലും പ്രേക്ഷകരിലേക്ക് ആ ചിത്രം വേണ്ട വിധം എത്തിയിരുന്നില്ല. എന്നാല്‍ ആക്ഷന്‍ ഹീറോ ബിജുവിലെ പവിത്രന് എന്ന കഥാപാത്രം സുരാജിന്റെ കരിയര്‍ തന്നെ മാറ്റി എഴുതാന്‍ സഹായിച്ചു.
ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് 5.25 എന്ന ചിത്രത്തിലെ ഭാസ്കര പൊതുവാള് എന്ന വൃദ്ധ കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന് വലിയ രീതിയില്‍ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് മുന്‍പെത്തിയ വികൃതി, ഫൈനല്‍സ് എന്നീ ചിത്രങ്ങളിലും സുരാജിന് വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളായിരുന്നു.






