
തൃശ്ശൂര്‍: കൈവിട്ട് പോയെന്ന് കരുതിയ ജീവിതം വിഷ്ണുവിന് തിരികെ ലഭിച്ചു. കള്ളന് കൊണ്ടുപോയ ബാഗ് ഒടുവില്‍ വടക്കും നാഥ ക്ഷേത്രത്തിന് അടുത്ത് നിന്ന് വിഷ്ണുവിന് തിരികെ ലഭിച്ചു. കഴിഞ്ഞ ദിവസമാണ് ഗൂഢല്ലൂര്‍ സ്വദേശിയായ വിഷ്ണുവിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ബാഗ് തൃശ്ശൂര്‍ റയില്‍വേ സ്റ്റേഷനില്‍ നിന്നും കാണാതാകുന്നത്.
ജര്‍മന്‍ കപ്പലില്‍ ജോലി കിട്ടിയപ്പോള്‍ ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ പോകുന്നതിനിടിയെയാരുന്നു കള്ളന് ബാഗ് തട്ടിയെടുത്തത്. തന്റെ ഫോണും വസ്ത്രങ്ങളും കള്ളന് കൊണ്ടുപോയാലും സര്‍ട്ടിഫിക്കറ്റുകള്‍ ദയവായി തിരികെ തരണമെന്ന വിഷ്ണുവിന്റെ അഭ്യര്‍ത്ഥന സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
നടന് സണ്ണി വെയിനും വിഷ്ണുവിന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ ബാഗ് തിരിച്ചു കിട്ടുന്നതിനായി അഭ്യര്‍ത്ഥിച്ചിരുന്നു. 'Edu certificate അടങ്ങിയ ബാഗ് നഷ്ടപ്പെട്ട ഈ ചെറുപ്പക്കാരന് 4 ദിവസങ്ങളായി തൃശ്ശൂര്‍ നഗരത്തില്‍ അലയുകയാണ്. ഈ വാര്‍ത്ത പരമാവധി ആളുകളിലേയ്ക്ക് എത്തിക്കാന്‍ കഴിഞ്ഞാല്‍ ഒരുപക്ഷേ അദ്ദേത്തെ നമുക്ക് സഹായിക്കാന്‍ കഴിഞ്ഞേക്കും.': സണ്ണി വെയിന്‍ കുറിച്ചു
പ്രതിമാസം 85,000 രൂപ ശമ്പളത്തില്‍ ജര്‍മന്‍ കപ്പലില്‍ അസോസിയേറ്റ് തസ്തികയില്‍ വിഷ്ണുവിന് നിയമനം ലഭിച്ചിരുന്നു. ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാല്‍ മാത്രമേ നിയമന ഉത്തരവ് കിട്ടൂ. സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്നതിനായുള്ള യാത്രയിലാണ് തൃശൂര്‍ റയില്‍വേസ്റ്റേഷനില്‍ വച്ച് ബാഗ് മോഷണം പോയത്.
പാസ്പോര്‍ട്ട്, കപ്പലില്‍ യാത്ര ചെയ്യാനുള്ള അനുമതി പത്രം തുടങ്ങിയവയെല്ലാം ബാഗിലായിരുന്നു. സംഭവത്തില്‍ റയില്‍വേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിന് സമീപത്ത് നിന്ന് ബാഗ് തിരികെ ലഭിക്കുന്നത്.






