
സുചി ലീക്ക്സ് എന്ന പേരില്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തി വന്‍ വിവാദത്തിനായിരുന്നു ഗായിത സുചിത്ര കാര്‍ത്തിക് വഴിയൊരുക്കിയത്. 2017ല്‍ തമിഴിലെ സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളുമായിരുന്നു സുചി ലീക്സ് എന്ന പേരില്‍ സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തെത്തിയത്. എന്നാല്‍ സുചിത്രയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും അവര്‍ വലിയ മാനസിക സംഘര്‍ഷം അനുഭവിക്കുകയാണെന്നും വെളിപ്പെടുത്തി ഭര്‍ത്താവ് കാര്‍ത്തിക് രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ സുചിത്രയെ കാണാനില്ലെന്നാണ് പരാതി. സുചിത്രയുടെ സഹോദരി സുനിതയാണ് ഈ പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. സുചിത്ര കനത്ത മാനസിക സംഘര്‍ഷത്തിലായിരുന്നെന്നും തിങ്കളാഴ്ച മുതല്‍ കാണാനില്ലെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ ഇതിന് തൊട്ടുപിന്നാലെ സുനിതയ്ക്കെതിരെ സുചിത്ര രംഗത്തെത്തി. താന്‍ എവിടെയും പോയിട്ടില്ലെന്നും പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായും സുചിത്ര പറഞ്ഞു.
'ഞാന്‍ എവിടെയും പോയിട്ടില്ല. എന്നെ കാണാനില്ല എന്ന പരാതി അടിസ്ഥാനരഹിതമാണ്. മാനസിക പ്രശ്നമുണ്ടെന്ന് പറഞ്ഞ് അവര്‍ എന്നെ അണ്ണാ നഗറിലെ ഒരു ക്ലിനിക്കില്‍ കൊണ്ടുവിട്ടു. ക്ലിനിക്കിന്റെ പുറത്ത് സഹോദരിയും ഭര്‍ത്താവും കാത്ത് നില്‍ക്കുകയായിരുന്നു. അവര്‍ എന്നെ പുറത്ത് പോകാന്‍ പോലും അനുവദിച്ചില്ല'. സുചിത്ര പറഞ്ഞു.






