
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ കമ്പ്യൂട്ടര്‍ ശൃംഖലയില്‍ അനധികൃതമായി കടന്നുകയറി മാര്‍ക്ക് തിരിമറി നടത്തിയത് ഉദ്യോഗസ്ഥരുടെയും സിന്‍ഡിക്കേറ്റ് അംഗങ്ങളുടെയും അറിവോടെയെന്നു സൂചന. കമ്പ്യൂട്ടര്‍ പരിജ്ഞാനം കുറഞ്ഞവരെ ഈ വിഭാഗത്തില്‍ നിയമിച്ചതിനു ശേഷം മറ്റു ചിലരാണ് അവരുടെ പാസ്വേഡുകള് ഉപയോഗിച്ച് ക്രമക്കേടു നടത്തിയതെന്നാണു വിവരം. എഴുപതോളം പഴയ പാസ്വേഡുകള് ഉപയോഗിച്ചാണു മാര്‍ക്കില്‍ കൃത്രിമം നടത്തിയത്.
ഇതിനിടയാക്കിയ കമ്പ്യൂട്ടര്‍ വിഭാഗത്തിന്റെ പിഴവ് ബോധപൂര്‍വമാണോ എന്നും അന്വേഷിക്കുന്നുണ്ട്. ടാബുലേഷന്‍ സോഫ്റ്റ്വേര്‍ ഉപയോഗിക്കുമ്പോള്‍ രഹസ്യസ്വഭാവം ഉറപ്പാക്കണമെന്നു പരീക്ഷാ കണ്ട്രോളര് നല്കിയ നിര്‍ദേശം മുക്കിയതിനെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്. കമ്പ്യൂട്ടര്‍ െകെകാര്യം ചെയ്യുന്നവര്‍ക്കു നല്കുന്ന പാസ്വേഡുകള് അവര്‍ സ്ഥലം മാറുമ്പോഴും ചുമതലയൊഴിയുമ്പോഴും മാറ്റണമെന്നാണു ചട്ടം. പകരമെത്തുന്നവര്ക്കു സര്‍വകലാശാലയിലെ ഐടി സെല്ലില്‍നിന്നു പുതിയ പാസ്വേഡ് നല്‍കണം. ഇതു കൃത്യമായി പാലിക്കാതെയാണു ക്രമക്കേടിനു കളമൊരുക്കിയത്.
ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ അതീവ ശ്രദ്ധയോടെ െകെകാര്യം ചെയ്യേണ്ട പാസ്വേഡുകളുടെ കാര്യത്തിലാണ് അലംഭാവമുണ്ടായത്. 2016-നു മുമ്പ് പരീക്ഷാവിഭാഗത്തിലുണ്ടായിരുന്ന താല്‍ക്കാലിക ജീവനക്കാര്‍ക്കു നല്കിയ പാസ്വേഡുകള് പോലും പിന്‍വലിച്ചിട്ടില്ല.
അതിനിടെയാണു കഴിഞ്ഞ ഞായറാഴ്ച അനുമതിയില്ലാതെ കമ്പ്യൂട്ടര്‍ വിഭാഗത്തില്‍ കയറിയവരെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നു. ഡ്യൂപ്ലിക്കേറ്റ് താക്കോലുപയോഗിച്ച് ഉള്ളില്‍ കയറിയവര്‍ അനധികൃത കമ്പ്യൂട്ടറുകള്‍ ഉപയോഗത്തിന്റെ തെളിവുകള്‍ നശിപ്പിച്ചതായി സംശയിക്കുന്നു. പരീക്ഷാ, മൂല്യനിര്‍ണയ വിഭാഗങ്ങളിലെ കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ചവരെ കണ്ടെത്താന്‍ പ്രയോജനപ്പെടുമായിരുന്ന സി.സി. ടിവിയുടേതടക്കം ബാക്കപ്പ് ഫയലുകള്‍ നശിപ്പിച്ചെന്ന സംശയവുമുണ്ട്.
2016 ജൂണ്‍ മുതല്‍ 2019 ജനുവരി വരെ നടന്ന 16 ബിരുദ പരീക്ഷകളുടെ മാര്‍ക്കിലാണു മോഡറേഷന്റെ മറവില്‍ തട്ടിപ്പു നടന്നതായി കണ്ടെത്തിയത്. 76 മാര്‍ക്ക് മോഡറേഷന് നല്‍കാനുള്ള തീരുമാനത്തിന്റെ മറവില്‍ 132 മാര്‍ക്ക് വരെയാണു നല്‍കിയത്. ബിരുദാനന്തര ബിരുദ പരീക്ഷകളിലും ഗവേഷണ വിഷയങ്ങളിലും തിരിമറി നടന്നതായി സംശയമുണ്ട്. മോഡറേഷനിലൂടെ മാര്‍ക്ക് കൂടുതല്‍ ലഭിച്ചതില്‍ പലരുടെയും ഉത്തരക്കടലാസുകള്‍ സര്‍വകലാശാലയില്‍നിന്ന് അപ്രത്യക്ഷമായി.
തട്ടിപ്പിനെപ്പറ്റി അന്വേഷിക്കാന്‍ നിയോഗിച്ച മൂന്നംഗ സമിതി ഇക്കാര്യം പരിശോധിക്കുന്നുണ്ട്. പ്രോ െവെസ് ചാന്സലര്ക്കാണു സമിതിയുടെ മേല്‍നോട്ടം. ഏതു പാസ്വേഡ് ഉപയോഗിച്ചാണു മോഡറേഷന് കൂട്ടിക്കൊടുത്തത്, തട്ടിപ്പിന്റെ വ്യാപ്തി, ആരാണ് ഉത്തരവാദി, തിരിമറിയിലൂടെ എത്രപേര്‍ വിജയിച്ചു തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്താനും ചുമതലപ്പെട്ട ഈ സമിതിയുടെ വിശ്വാസ്യതയിലും സംശയം ആരോപിക്കപ്പെടുന്നുണ്ട്. സമിതിയിലുള്ള സിന്‍ഡിക്കേറ്റംഗവും സെനറ്റംഗവും കുസാറ്റിലെ മുന്‍ അധ്യാപകനും െസെബര്‍ വിദഗ്ധരല്ലെന്നും പലരെയും രക്ഷപ്പെടുത്താനുള്ള റിപ്പോര്‍ട്ടാകും ഇവരുടേതെന്നുമാണ് ആക്ഷേപമുയര്‍ന്നത്.






