
കുമ്പളങ്ങി നൈറ്റ്സ്, ഇഷ്ക് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഷെയ്ന് നിഗം നായകനാകുന്ന പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. ഖല്‍ബ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്. ഇടി, മോഹന്‍ലാല്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത നടന് സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഖല്‍ബ്.
'നിന്നില്‍ തുടങ്ങി നിന്നില്‍ ഒടുങ്ങാന്‍ ഒരുങ്ങുന്ന എന്റെ ഖല്‍ബിന്റെ മിടുപ്പുകള്‍' എന്ന ടാഗ് ലൈനോടു കൂടിയാണ് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്. ഒരു പ്രണയ ചിത്രമാണെന്നാണ് പുറത്ത് വരുന്ന വിവരം. സുഹൈല്‍ കോയയും സംവിധായകന് സാജിദ് യഹിയയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. 2020 ഈദ് റിലീസായി ഖല്‍ബ് തീയറ്ററുകളിലേക്ക് എത്തുമെന്നും സംവിധായകന് വ്യക്തമാക്കി.
ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചു കൊണ്ട് സംവിധായകന് സാജിദ് യാഹിയ കുറിച്ച കാര്യങ്ങളും ഏറെ ശ്രദ്ധ ആകര്‍ഷിക്കുകയാണ് ഇപ്പോള്‍. അച്ഛനെ കുറിച്ചാാണ് സാജിദിന്റെ വാക്കുകള്‍. 'ഇത് എന്റെ വാപ്പയ്ക്ക് .. കഴിഞ്ഞ 2 കൊല്ലമായി ഈ സ്വപ്നത്തിന്റെ പിറകേ ആയിരുന്നു .. അലഞ്ഞപ്പോ തണലായിനിന്നതിനും .. തളര്‍ന്നപ്പോള്‍ താങ്ങായി നിന്നതിനും ..പിഴച്ചപ്പോള്‍ തിരുത്തിയതിനും .. ഉള്ളിന്റെ ഉള്ളില്‍ എന്നും കരുത്തുതന്നതിനും .. ഒരു നോട്ടം കൊണ്ടും , ഒരു ചിരികൊണ്ടും എന്റെ ലോകത്തെ മാറ്റി മറിച്ചതിനും ..ഞാന്‍ എന്നും കടപ്പെട്ടിരിക്കുന്ന വാപ്പയ്ക്കും... ലോകത്തിലെ എല്ലാ വാപ്പമാര്‍ക്കും ഖല്‍ബിന്റെ ആഴങ്ങളില്‍ നിന്ന് മനുഷ്യബന്ധങ്ങളുടെ , പ്രണയത്തിന്റെ , സൗഹൃദത്തിന്റെ ഒരു ചെറിയ കഥ..QALB ഈ ചെറിയ പെരുന്നാളിന്'






