പനജി: അയോധ്യയില്‍ നിര്‍മ്മിക്കാന്‍ പോകുന്ന പുതിയ രാമക്ഷേത്രത്തില്‍ ശ്രീരാമനെ സഹായിച്ച ദളിതരുടെ പ്രതിമ കൂടി സ്ഥാപിക്കണമെന്ന് ഗോവ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. സവര്‍ണര്‍ തിരിഞ്ഞുനോക്കതിരുന്നപ്പോള് കേവത്, ശബരി എന്നീ ദളിതരാണ് ശ്രീരാമനെ സഹായിച്ചത്. രാമക്ഷേത്രത്തില്‍ ഇവരുടെ കൂടി പ്രതിമ സ്ഥാപിക്കണമെന്നാണ് മാലിക്കിന്റെ ആവശ്യം. ഗോവ ഗവര്‍ണറായി ചുമതലയേറ്റ ശേഷം പങ്കെടുത്ത ആദ്യ പൊതുപരിപാടിയിലാണ് മാലിക്കിന്റെ പ്രസ്താവന.
വനവാസക്കാലത്ത് ശ്രീരാമനെ സഹായിച്ചത് ദളിതരായ കേവതും ശബരിയുമാണ്. കാട്ടിലടക്കം സീതയെ തിരയുന്നതിനും ലങ്കയില്‍ നിന്ന് സീതയെ അയോധ്യയില്‍ എത്തിക്കുന്നതിനും സഹായിച്ചത് ദളിതരാണ്. സവര്‍ണര്‍ ആരും തന്നെ രാമനെ തിരിഞ്ഞുനോക്കിയില്ല. രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനെ കുറിച്ച് രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുമ്പോഴും കേവാത്, ശബരി എന്നിവരുടെ പ്രതിമ സ്ഥാപിക്കുന്നതിനെ കുറിച്ച് ആരും പറയുന്നില്ലെന്നും മാലിക് പറഞ്ഞു.
ഗംഗാനദി മുറിച്ചുകടക്കാന്‍ രാമനെയും ലക്ഷ്മണനെയും സഹായിച്ച തോണിക്കാരനാണ് കേവാത്ത്. ശബരി, രാമന്റെ സഹായിയുമായിരുന്നു. രാമനെ മര്യാദപുരുഷനാക്കിയതും ദളിത് വിഭാഗക്കാരാണെന്ന് മാലിക് പറഞ്ഞു. നേരത്തെ ജമ്മു കശ്മീര്‍ ഗവര്‍ണറായിരുന്നു സത്യപാല്‍ മാലിക്.






