
മറയൂര്‍: വീട്ടിലെ മിക്സി വിറ്റ് മദ്യപിച്ച ഭര്‍ത്താവിനെ ഭാര്യ തലക്കടിച്ചു കൊന്നു. മംഗലശാല സുല്‍ത്താന്‍ പേട്ടയ്ക്ക് സമീപമുള്ള മീനാക്ഷി നഗര്‍ സ്വദേശിയായ വെങ്കിടേശിനെ(49)യാണ് ഭാര്യ ഉമാ ദേവി(47) അടിച്ചു കൊലപ്പെടുത്തിയത്. കേരള തമഴിനാട് അതിര്‍ത്തിയായ ഉദുമല്‍പേട്ടയ്ക്ക് സമീപം ഒക്ടോബര്‍ 17നാണ് സംഭവം.
അടിയേറ്റ് ഗുരുതരമായ് പരിക്കേറ്റ വെങ്കിടേശിനെ വാഹനാപകടത്തില്‍ പരിക്കേറ്റെന്ന് പറഞ്ഞാണ് കോയമ്പത്തൂരിലെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജീവന് രക്ഷിക്കാനായില്ല. വാഹനാപകടമാണെന്ന് തെറ്റിദ്ധരിച്ച് കേസെടുത്ത പോലീസ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കുകയും ചെയ്തു. പിന്നീട് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമാണ് വാഹനാപകടം മൂലമല്ല മരണം സംഭവിച്ചതെന്ന് മനസിലായത്.
തലയ്ക്ക് പിന്നിലെ ശക്തമായ അടിയാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേ തുടര്‍ന്ന് മംഗലം പോലീസിന്റെ നേതൃത്വത്തില്‍ ഉമാദേവിയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്ത് വരുന്നത്. മദ്യപാനിയായ വെങ്കിടേശ് വീട്ടുപകരണങ്ങള്‍ വിറ്റ് മദ്യം വാങ്ങുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ നിരന്തരം വഴക്കിടുമായിരുന്നു. 2000 രൂപ വിലമതിക്കുന്ന മിക്സി വിറ്റ് വെങ്കിടേശ് മദ്യപിച്ചതോടെ ഇയാളുടെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഉമാദേവി പോലീസിനോട് പറഞ്ഞു.






