എറണാകുളം: കൊച്ചി മേയര്‍ സൗമിനി ജെയ്നെ മാറ്റുന്നതിനെച്ചൊല്ലി കോണ്‍ഗ്രസില്‍ ഉള്‍പ്പാര്‍ട്ടിപ്പോര് രൂക്ഷമാകുന്നു. മേയറെ മാറ്റുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്ന് കെ.പി.സി.സി മുല്ലപ്പള്ളി രാമചന്ദ്രന് വ്യക്തമാക്കി. മേയറെ മാറ്റരുതെന്ന് ആവശ്യപ്പെട്ട് കാണാനെത്തിയ ഒരു വിഭാഗം കൗണ്‍സിലര്‍മാരോടും മുല്ലപ്പള്ളി നിലപാട് ആവര്‍ത്തിച്ചു.
മേയറെ മാറ്റുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ താഴെത്തട്ടില്‍ നടക്കുന്ന ചര്‍ച്ചകളെല്ലാം അപ്രസക്തമാണെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. സ്ഥിരം സമിതി അധ്യക്ഷന്മാരെ രാജിവയ്പ്പിച്ച് മേയറെ സമ്മര്‍ദ്ദത്തിലാക്കാനുള്ള നീക്കവും വിജയിച്ചില്ല. ഇതിനിടെ വേദിയില്‍ എത്തിയ ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ മേയറെ മാറ്റേണ്ട സാഹചര്യമില്ലെന്ന് കെ.പി.സി.സി അധ്യക്ഷനെ അറിയിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരുടെ രാജിക്കാര്യത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും കൗണ്‍സിലര്‍മാര്‍ അറിയിച്ചു.






