
ഒരു കാലത്ത് മലയാള സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരജോഡികളായിരുന്നു മോഹന്‍ലാലും മേനകയും. പറയാനും വയ്യ പറയാതിരിക്കാനും വയ്യ, തിരകള്‍, അപ്പുണ്ണി, എങ്ങനെ നീ മറക്കും, പൂച്ചക്കൊരു മൂക്കുത്തി, ബോയിംഗ് ബോയിംഗ്, എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു, ദൂരെ ദൂരെ ഒരു കൂട് കൂട്ടാം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഇവര്‍ ഒന്നിച്ചെത്തി. വര്‍ഷങ്ങള്‍ക്ക് ശേഷം ആ താരജോഡികള്‍ വീണ്ടും ഒരു പ്രണയഗാനത്തിനായി ഒന്നിച്ചതാണ് ആരാധകരെ സന്തോഷിപ്പിച്ചരിക്കുന്നത്.
'ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം' എന്ന എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ഗാനത്തിനൊപ്പമാണ് മോഹന്‍ലാലും മേനകയും ചുവടുവച്ചത്. ഇരുവരുടെ നൃത്ത രംഗങ്ങള്‍ നടി സുഹാസിനിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. എണ്‍പതുകളില്‍ വെളളിത്തിരയിലേക്കെത്തിയ താരങ്ങളുടെ ഒത്തുകൂടലിന്റെ ഭാഗമായുളള പരിപാടിക്ക് വേണ്ടിയുളള റിഹേഴ്സല്‍ വീഡിയോ ആണിത്. ഈ വീഡിയോ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
സിനിമാ ഇന്ഡസ്ട്രിയിലേക്ക് ഒന്നിച്ചെത്തിയ ദക്ഷിണേന്ത്യന്‍ താരങ്ങളാണ് വര്‍ഷാവര്‍ഷം ഈ ഒത്തുചേരല്‍ സംഘടിപ്പിക്കുന്നത്. പാട്ടും നൃത്തവുമൊക്കെയായി പഴയ ഓര്‍മകളുടെ സ്മരണയില്‍ നടത്തുന്ന ആഘോഷരാവില്‍ വെളളിത്തിരയിലെ മിന്നും താരങ്ങള്‍ പങ്കുചേരും. മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ വീട്ടിലാണ് ഇത്തവണ ഒത്തുകൂടല്‍ നടന്നത്.
ക്ലാസ് ഓഫ് 80'സ് എന്നാണ് ഇത്തവണ ഒത്തുചേരലിന് നല്കിയ പേര്. ബ്ലാക്ക് ആന്‍ഡ് ഗോള്‍ഡന്‍ ആയിരുന്നു ഇത്തവണത്തെ കളര്‍ തീം. തെന്നിന്ത്യയിലേയും ബോളിവുഡിലെയും താരങ്ങള്‍ ആഘോഷത്തില്‍ അണിനിരന്നു സൗഹൃദസംഗമത്തിന്റെ പത്താം വാര്‍ഷികമായിരുന്നു ഇത്തവണത്തേത്.
നാഗാര്‍ജ്ജുന, പ്രഭൂ, റഹ്മാന്, മോഹന്‍ലാല്‍, ജയറാം, പാര്‍വതി, ശോഭന, നാദിയ മൊയ്തു, ജാക്കി ഷെറഫ്, ശരത്കുമാര്, ജഗപതി ബാബു, പൂര്‍ണ്ണിമ ജയറാം, ലിസ്സി, അംബിക, രാധിക ശരത് കുമാര്‍ ജയപ്രഭ തുടങ്ങിയ വന്‍താരനിര ഇത്തവണ ഒത്തുകൂടലിന് എത്തി.






