
തൃശൂര്‍ : ചാലക്കുടിയില്‍ ഒന്‍പത് വയസ്സുകാരന് സ്കൂളില്‍ വെച്ച് പാമ്പ് കടിയേറ്റ് സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ കുട്ടിയുടെ അച്ഛന് ഷൈജന്‍. കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ അധ്യാപകര്‍ അനാസ്ഥ കാട്ടിയെന്ന് കുട്ടിയുടെ അച്ഛന് പറഞ്ഞു. പാമ്പ് കടിച്ചെന്ന് കുട്ടി പറഞ്ഞിട്ടും കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ അവര്‍ തയ്യാറായില്ല. തന്നെ വിളിച്ച് വരുത്തിയതിന് ശേഷമാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. 15 മിനിറ്റിനകം താന്‍ എത്തിയെന്നും കൂടുതല്‍ പരാതി ഇല്ല എന്നും കുട്ടിയുടെ അച്ഛന് പറഞ്ഞു.
ചാലക്കുടി കാര്‍മല്‍ സ്കൂളില്‍ വിദ്യാര്‍ത്ഥിക്ക് പാമ്പ് കടിയേറ്റത്. കുട്ടിയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാമ്പ് കടിയേറ്റ പോലെയുള്ള പാട് കുട്ടിയുടെ കാലില്‍ ഉണ്ടായിരുന്നു. എന്നാല്‍ കുട്ടിക്ക് വിഷബാധ ഏറ്റിട്ടില്ലെന്ന് രക്ത പരിശോധനയില്‍ നിന്ന് വ്യക്തമായി. നിലവില്‍ കുട്ടിയുടെ ആരേഗ്യ നില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
അതേസമയം തൃശൂര്‍ ജില്ലയിലെ ഒളരി സ്കൂളില്‍ നിന്ന് പാമ്പിനെ പിടികൂടി. പുസ്തകങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന മുറിയില്‍ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. വയനാട് ബത്തേരി സ്കൂളില്‍ കഴിഞ്ഞ ദിവസം പാമ്പ് കടിയേറ്റ് ഷഹ്ല ഷിറിന് മരിച്ചിരുന്നു. ഈ സംഭവത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ചാലക്കുടിയിലെ സ്കൂളില്‍ വെച്ച് വിദ്യാര്‍ത്ഥിക്ക് പാമ്പ് കടിയേല്‍ക്കുന്നത്.






