
ശബരിമലയില് യുവതികള്ക്ക് കയറാമെന്ന സുപ്രീംകോടതി വിധി വന്നപ്പോള് കനകദുര്ഗ്ഗയ്ക്കൊപ്പം ശബരിമല ദര്ശനം, ഭൂമാതാ ബ്രിഗേഡര് നേതാവ് തൃപ്തിദേശായി ശബരിമലയിലേക്ക് പോകാന് ഇത്തവണ വീണ്ടും വന്നപ്പോള് അവര്ക്കൊപ്പം. പോലീസ് ആസ്ഥാനത്തിനു മുന്നില് വെച്ച് തൃപ്തിയുടെ ആറുപേരടങ്ങുന്ന സംഘത്തെ ഒഴിവാക്കി ഒരാള്ക്കുനേരേമാത്രം പരസ്യമായി ഓടിച്ചിട്ട് മുളകുസ്പ്രേ ആക്രമണം. കോടതിവിധിക്കുശേഷം ശബരിമലയില് ആദ്യമായി കാലുകുത്തിയ വനിത എന്ന പേരിനേക്കാള് സംഘപരിവാറിന്റെ പ്രതിഷേധ ജ്വാലയ്ക്ക് നിരന്തരം ഇരയാകേണ്ടി വരുന്ന ദളിത് യുവതി എന്ന പരിവേഷമാണ് ഇത്തവണ ബിന്ദു അമ്മിണിക്ക് വാര്ത്തകളിലുള്ളത്.
ദുരിതവും ദാരിദ്രവും നിറഞ്ഞ ജീവിതത്തോട് ഒറ്റയ്ക്ക് പോരാടി നേടിയെടുത്ത തന്റെ വിദ്യാഭ്യാസവും, അറിവും, നിലപാടുകളും ആരുടെ മുന്പിലും അടിയറ വയ്ക്കാന് തയ്യാറല്ലാത്തതാണ് ബിന്ദുവിന്റെ പേരിലുള്ള കുറ്റം. സദാചാര- കുലസ്ത്രീ സംഘങ്ങളുടെ നേരിട്ടും സമൂഹമാധ്യമങ്ങളിലൂടെയുമൊക്കെയുള്ള ആക്രമണങ്ങളേയും അധിക്ഷേപങ്ങളേയും അവസാനത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം നടന്ന മുളകുസ്പ്രേ പ്രയോഗം.
നാല് വോട്ടിനും അധികാരത്തിനും വേണ്ടി തങ്ങളുടെ നിലപാട് മാറ്റില്ല എന്ന് പറഞ്ഞ, സ്ത്രീകൾക്ക് തുല്യ അവസരം നൽകണമെന്നതാണ് പാര്ട്ടി നയം എന്നു പറഞ്ഞ, പുരോഗമനവാദത്തിന്റെ പേരില് നവോത്ഥാനത്തെ കൂട്ടുപിടിച്ച് സ്ത്രീകളെ ശബരിമലയില് കയറ്റാന് സംരക്ഷണ വാഗ്ദാനം ചെയ്തത സി.പി.എം.പോലും പേരില് രാഷ്ട്രീയ തിരിച്ചടികളുടെ പേരില് മലക്കം മറിഞ്ഞു. സുപ്രീംകോടതിവിധിയിലെ അവ്യക്തതയെന്ന ന്യായവാദത്തില് പിടിച്ച് ശബരിമലയുടെ കാര്യത്തില് സര്ക്കാരും പോലീസും ഒളിച്ചുകളിക്കുമ്പോള് കോടതി വിധിച്ച തുല്യനീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലാണ് സംഘപരിവാര് ശക്തികളുടെ നിരന്തരമായുള്ള ആക്രമണം നേരിടേണ്ടി വന്ന ബിന്ദു അമ്മിണി.
കനകദുര്ഗയുമൊത്ത് ശബരിമല ദര്ശനം നടത്തിയതിന്റെ ഒന്നാം വാര്ഷികദിനമായ ജനുവരി രണ്ടിന് വീണ്ടും ശബരിമലയ്ക്കു പോകാന് തയാറെടുക്കുന്ന ബിന്ദു അമ്മിണി മംഗളത്തോട് സംസാരിക്കുന്നു.
കൊച്ചി സിറ്റി പോലീസ് കമ്മീഷണര് ഓഫീസിനു മുന്നില് ഹിന്ദു സംഘടനയുടെ പ്രവര്ത്തകന് മുളകുസ്പ്രേ ആക്രമണം നടത്തി. ദളിത് സ്ത്രീ എന്ന നിലയില് ഈ ആക്രമണത്തെ എങ്ങനെ കാണുന്നു?
മുളക്സ്പ്രേ എന്നത് നിങ്ങളുടെ അവ്യക്തതയാകാം. ആസിഡ് പോലെയുള്ള ഏതോ കെമിക്കലാണ് എന്റെ മുഖത്തേക്ക് ചീറ്റിച്ചത്. ദളിത് സ്ത്രീ എന്ന നിലയില് ബോധപൂര്വ്വമുള്ള ആക്രമണമാകാം എനിക്ക് നേരെയുണ്ടായതും. കമ്മീഷണര് ഓഫീസുപോലെ ഒരു ഉന്നത പോലീസ് ആസ്ഥാനത്തിന് മുന്നില്വച്ച് ഒരു സ്ത്രീ ആക്രമിക്കപ്പെടുക എന്നു പറയുമ്പോള് അക്രമി സംഘത്തെ പ്രതിരോധിക്കാന് കഴിയാതെ പോകുന്നത് പോലീസ് സംവിധാനത്തിന്റെ പിടിപ്പുകേടാണ്. സമാധാനാന്തരീക്ഷം സൃഷ്ടിക്കേണ്ട സ്ഥാനത്ത് അക്രമപ്രവര്ത്തനം നടത്തുന്നവരെ അറസ്റ്റ് ചെയ്ത് മാറ്റുന്നതിന് പകരം ഇരയെ കലാപകാരികള്ക്ക് എറിഞ്ഞു കൊടുക്കുന്ന രീതിയാണ് പോലീസ് നടത്തിയത്.
കെമിക്കല് അടിച്ച സംഭവത്തെ എം.എം. മണിയെ പോലെയുള്ള മന്ത്രിമാര് പരിഹസിക്കുകയുണ്ടായി. അടിച്ചത് വല്ല പതഞ്ജലിയോ മറ്റോ ആയിരിക്കുമെന്നായിരുന്നു പരിഹാസം. ഇവര്ക്കൊക്കെ കെമിക്കല് അടിക്കുമ്പോള് ഞാന് കരഞ്ഞുകൊണ്ട് ഓടണമായിരിക്കും. ധൈര്യത്തോടെ പ്രതികരിച്ചുനിന്ന സ്ഥാനത്ത് താന് കരഞ്ഞു കൊണ്ട് ഓടുമെന്നായിരിക്കാം എംഎം മണി കരുതിയത്. ഞാന് കരഞ്ഞു കൂകി ഓടി കാറിവിളിച്ചു നടക്കണമെന്നതായിരിക്കാം അവരുടെ താല്പ്പര്യം.

കഴിഞ്ഞ മണ്ഡലകാലത്തും ആദിവാസികള് ഉള്പ്പെടെയുള്ള ദളിത് സ്ത്രീകള് ആക്രമിക്കപ്പെട്ടു. അതേസമയം തൃപ്തിദേശായിയെ പോലെയുള്ളവര്ക്ക് നേരെ പ്രതിഷേധിക്കുക മാത്രമാണ് സംഘപരിവാര് സംഘടനകള് ചെയ്തത്. ഇപ്പോഴത്തെ ഭരണത്തിന് കീഴില് ദളിതുകള് പീഡിപ്പിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നതായി തോന്നലുണ്ടോ?
സംഘപരിവാറിന് കീഴില് ദളിതുകളും ന്യൂനപക്ഷങ്ങളും വ്യാപകമായി ആക്രമണത്തിന് ഇരയാകുന്നുണ്ട്. ശബരിമല യാത്രയുമായി ബന്ധപ്പെട്ട് ഞാന് മാത്രം ആക്രമിക്കപ്പെട്ടു എന്നതും സംഘപരിവാറിന്റെ അത്തരം ആസൂത്രിത നീക്കമായിരിക്കാം.
പോലീസ് കേസെടുത്തത് സ്ത്രീത്വത്തിന് നേരെയുള്ള ആക്രമണം, ആയുധം കയ്യില്വയ്ക്കല് എന്നീ വകുപ്പുകളിലാണ്. പട്ടികജാതി പീഡന നിരോധന നിയമം ഉള്പ്പെടുത്താത്തതില് എന്തുതോന്നുന്നു?
ബോധപൂര്വ്വമായിരിക്കാം. എനിക്ക് നേരെ കൊച്ചി കമ്മീഷണര് ഓഫീസിന് മുന്നില് ഉണ്ടായത് മുളക് സ്പ്രേ ആയിരുന്നില്ല. ആസിഡ് ഉള്പ്പെടെയുള്ള ഒരു കെമിക്കല് സ്പ്രേ ആയിരുന്നു. ആക്രമണം സംഘപരിവാറിന്റെ പല ഗ്രൂപ്പുകള് കൂടി ആസൂത്രണം ചെയ്തതായിരുന്നു. എല്ലാവരും ചേര്ന്ന് പരിപാടി ആസൂത്രണം ചെയ്തശേഷം അത് ഞങ്ങളുടെ ആളല്ല എന്ന് പറയുകയാണ്. എറണാകുളത്തെ സ്ഥാനാര്ത്ഥിയായിരുന്ന ബിജെപി നേതാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം നടന്നത്.
സ്ത്രീകള്ക്കുനേരെ കെമിക്കല് സ്പ്രേ പോലെയുള്ളവ ഇപ്പോള് അടിക്കാന് ധൈര്യം കാട്ടുന്നവര് ഭാവിയില് ആസിഡോ ബോംബോ എറിഞ്ഞാലും സര്ക്കാര് സംവിധാനങ്ങള് നോക്കി നില്ക്കും. അങ്ങിനെ വരുമ്പോള് ഇത്തരം അക്രമങ്ങള് അഴിച്ചു വിടുന്നവരും ഈ സംഘടനയില് പ്രവര്ത്തിക്കുന്നവരും സര്ക്കാരുമെല്ലാം കൂട്ടുപ്രതികളാണ്.
പുതിയ കോടതിവിധിയുടെ മറവില് ഇത്തവണ യുവതീപ്രവേശം വേണ്ടെന്ന നിലപാട് സര്ക്കാര് എടുക്കുമ്പോള് താങ്കളെ പോലെയുള്ളവരുടെ നീക്കങ്ങള് കഴിഞ്ഞ തവണത്തേതുപോലെ മനപ്പൂര്വ്വം പ്രശ്നങ്ങള് ഉണ്ടാക്കി സംഘപരിവാറിന് നേട്ടം ഉണ്ടാക്കിക്കൊടുക്കാനുള്ള നാടകമാണെന്ന വിമര്ശനം ഉണ്ട് ?
അത് തെറ്റായ വിമര്ശനമാണ്. സര്ക്കാര് അതിനെ ബിസിനസ് സ്ഥാപനമായി കരുതുന്നതു കൊണ്ടാണ് ഇങ്ങിനെ. ലിംഗ വ്യത്യാസമില്ലാതെ എല്ലാവര്ക്കും ശബരിമലയില് പ്രവേശിക്കാമെന്നതാണ് നിലവിലെ വിധി. എന്നാല് നീതിന്യായ വ്യവസ്ഥയുടെ തെറ്റായ വിലയിരുത്തലാണ് സര്ക്കാര് നടത്തുന്നത്. കഴിഞ്ഞ കോടതിവിധി നിലനില്ക്കുമ്പോള് ഒന്നുകില് സര്ക്കാര് സ്ത്രീകളെ ശബരിമലയിലേക്ക് പോകാന് അനുവദിക്കുക. അല്ലെങ്കില് അക്കാര്യം എഴുതി നല്കുക.
തൃപ്തിദേശായിയുടെ ആറംഗ സംഘത്തില് എങ്ങിനെയാണ് ഉള്പ്പെട്ടത്. മനപ്പൂര്വ്വമുള്ള നീക്കമായിരുന്നോ?
ശബരിമലയില് യുവതികളെ പ്രവേശിപ്പിക്കാത്ത സാഹചര്യത്തില് പോകാന് താല്പര്യത്തോടെ ആരുവന്നാലും പിന്തുണയ്ക്കാനാണ് ഞാന് ഉള്പ്പെടുന്ന കൂട്ടായ്മയുടെ തീരുമാനം. കൂട്ടായ്മയ്ക്ക് എതിര്പ്പുണ്ടായിരുന്നെങ്കിലും എന്റെ വ്യക്തിപരമായ പിന്തുണയുടെ ഭാഗമായാണ് തൃപ്തി ദേശായിക്കൊപ്പം പോയത്. തൃപ്തി ദേശായി ആയാലും ഇനി മറ്റാരെങ്കിലുമാണെങ്കിലും ലിംഗനീതി ലക്ഷ്യമിട്ട് ആരുവന്നാലും അവര്ക്കൊപ്പം സഹകരിക്കും.

പുരോഗമന വാദികളും സ്വതന്ത്രചിന്താഗതിക്കാരും വിദ്യാഭ്യാസമുള്ളവരെന്ന് അഭിമാനം കൊള്ളുന്നവരായിട്ടും എന്തുകൊണ്ടാണ് കേരളത്തിലെ പെണ്സമൂഹം ബിന്ദുവിനെ പോലെയുള്ളവരെ പിന്തുണയ്ക്കാന് മുമ്പോട്ട് വരാത്തത് ?
ചോദ്യം തെറ്റാണ്. പെണ്സമൂഹത്തിന്റെ പ്രതിനിധികള് എന്നാല് കുല സ്ത്രീകളല്ല. എല്ലാ കാലത്തും ഒരു ന്യൂനപക്ഷം മാത്രമാണ് പുരോഗമനാശയങ്ങള്ക്കൊപ്പം നിന്നിട്ടുള്ളത്. ഇവരുടെ നിലപാടുകളാണ് പിന്നീട് പുരോഗമനാശയങ്ങളായും ശരികളായും മാറിയിട്ടുള്ളത്. സതി നിര്ത്തലാക്കിയ കാലത്ത് സ്ത്രീകളിലെ 75 ശതമാനം പേരും എതിര്ത്തിരുന്നു. സ്ത്രീകള് വസ്ത്രം ധരിച്ചപ്പോള് അവരുടെ തുണി വലിച്ചു കീറിയപ്പോഴും എതിരേ നിന്നവരാണ് കുല സ്ത്രീകള്. ഒരു ന്യൂനപക്ഷം വരുന്ന സ്ത്രീകള് ശബരിമല ദര്ശനത്തിനൊരുങ്ങുമ്പോഴും ഇതേ എതിര്പ്പ് ഉയരുന്നെന്ന് മാത്രം.
തീവ്ര ഇടതുപക്ഷ സംഘടനകളുടെ പിന്തുണയുണ്ടെന്നും അവരുടെ പദ്ധതി അനുസരിച്ചാണ് ബിന്ദുവിന്റെ നീക്കങ്ങള് എന്നും ആരോപണം ഉയരുന്നുണ്ടല്ലോ?
അതെല്ലാം വെറും ആരോപണങ്ങളാണ്. ശബരിമല യാത്രയ്ക്കുള്ള നീക്കം ഒറ്റയ്ക്കാണ് നടത്തിയത്. എന്നിരുന്നാലും ആരു പിന്തുണച്ച് വന്നാലും സഹായം സ്വീകരിക്കും. എറണാകുളത്തെ ചില സംഘടനകളുമായി സഹകരിച്ചാണ് പ്രവര്ത്തിക്കുന്നത്. ഇതില് വനിതാ സംഘടനകളും ദളിത് ആദിവാസി സംഘടനകളും ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളുമുണ്ട്.
ആദ്യ ശബരിമല യാത്രയ്ക്ക് ഒപ്പമുണ്ടായിരുന്ന കനകദുര്ഗ്ഗ സ്വന്തം കുടുംബത്തില് പോലും ഒറ്റപ്പെടല് നേരിടുന്ന അനുഭവമുണ്ട്. അത്തരം അനുഭവങ്ങളുണ്ടോ?
അനേകം കൂട്ടായ്മകള് ഒപ്പമുണ്ട്. കനകദുര്ഗ്ഗയുടേത് ശബരിമല യാത്രയ്ക്ക് ശേഷമുള്ള ഒറ്റപ്പെടലല്ല. അതിന് മുമ്പ് തൊട്ട് ഭര്ത്താവില് നിന്നും അകല്ച്ച നേരിട്ടിട്ടുണ്ട്. ശബരിമലയ്ക്ക് പോയ ശേഷമാണ് കനകദുര്ഗ്ഗ ശരിയായ സ്വാതന്ത്ര്യബോധത്തോടെ ജീവിക്കാന് തുടങ്ങിയത്. സ്വന്തം കുഞ്ഞുങ്ങളെ കാണാനാകുന്നില്ല എന്നത് ഒരു സ്ത്രീയെന്ന നിലയില് അവരുടെ ദു:ഖമാണെങ്കിലും ശബരിമല യാത്രയ്ക്ക് ശേഷം ഇപ്പോഴാണ് അവര് ആത്മാഭിമാനത്തോടെ ജീവിക്കുന്നത്.
തൃപ്തി ദേശായിക്കൊപ്പം ചേരുന്നതിന്റെ തലേന്ന് മന്ത്രി എ കെ ബാലനെ കാണാനായി സെക്രട്ടറിയേറ്റില് ചെന്നെന്നും ഗൂഢാലോചന നടത്തിയതായും ബിജെപി ആരോപണം ഉയര്ത്തിയിട്ടുണ്ട് ?
മന്ത്രി എ.കെ. ബാലനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ചൊവ്വാഴ്ച ദര്ശനത്തിനു വന്നതെന്ന ആരോപണം ഉന്നയിച്ചത് ബി.ജെ.പി. നേതാക്കളാണ്. മന്ത്രിയെ കാണാന് സെക്രട്ടറിയേറ്റില് ചെന്നിരുന്നു എന്നത് സത്യമാണ്. അതില് ഒരു ഗൂഢാലോചനയുമില്ല. എന്നാല് പുറത്തു വരുന്നതെല്ലാം തെറ്റിദ്ധാരണാജനകമായ കാര്യങ്ങളാണ്.
ആദിവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങള് അവതരിപ്പിക്കാനാണ് മന്ത്രിയുടെ ഓഫീസില് പോയത്. അദ്ദേഹത്തെ നേരിട്ടു കണ്ട് ഒരു അപേക്ഷയും പരാതിയും നല്കാന് വേണ്ടിയായിരുന്നു. മന്ത്രിയെ കാണാന് സാധിക്കാത്തതിനാല് പരാതി ഓഫീസില് നല്കി.
ഏറ്റമാനൂരില് പ്രവര്ത്തിക്കുന്ന മോഡല് റസിഡന്ഷ്യല് സ്കൂളില് സംഗീത അദ്ധ്യാപകന് 12 ലധികം ആദിവാസി പെണ്കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവം ഉണ്ടായി. കുട്ടികള് സ്വന്തം കൈപ്പടയില് പരാതി നല്കിയിട്ടും അദ്ധ്യാപകനെതിരേ നടപടി ഉണ്ടായില്ല. പകരം ഇവിടുത്തെ അദ്ധ്യാപകര് പരാതി പൂഴ്ത്തിവെച്ചു. ഇവര് പിന്നീട് കുട്ടികളെ ഭീഷണിപ്പെടുത്താനും മാനസിക പീഡനവും നടത്തി. അദ്ധ്യാപകരെ സ്ഥലം മാറ്റണമെന്ന് രക്ഷിതാക്കളുടെ പരാതിയുണ്ടായെങ്കിലും കളക്ടര് ഉള്പ്പെടെയുള്ള ഉന്നതാധികാരികള് സമ്മതിച്ചില്ല. തുടര്ന്ന് 96 വിദ്യാര്ത്ഥികളെ മാതാപിതാക്കള് പഠനം ഉപേക്ഷിച്ച് തിരികെ വീട്ടിലേക്ക് കൊണ്ടുപോയി. ഇതില് ഒരു കുട്ടി മാത്രമാണ് തിരിച്ചു വന്നത്. ബാക്കി 95 വിദ്യാര്ത്ഥികളും പഠനം നിര്ത്തി. ഇക്കാര്യത്തില് നടപടിയെടുക്കണമെന്നാവശ്യപ്പെടുന്നത് ആയിരുന്നു പരാതി. ഇവിടെ ലീഗല് അസിസ്റ്റന്റുമാരെ നിയോഗിക്കുമ്പോള് എസ് സി എസ്ടി ആള്ക്കാരുടെ പ്രശ്നങ്ങള് മനസ്സിലാകുന്ന അത്തരം വിഭാഗത്തില് നിന്നുള്ളവരെ നിയമിക്കണം എന്നതായിരുന്നു അപേക്ഷ. ഇവ നല്കാനാണ് സെക്രട്ടറിയേറ്റില് പോയത്. എന്നാല് മന്ത്രി സ്ഥലത്ത് ഉണ്ടായിരുന്നില്ല. പരാതി നല്കി മടങ്ങുകയും ചെയ്തു.

ശബരിമലയിലെ റിവ്യൂഹര്ജി ഏഴംഗ ഭരണഘടനാ ബഞ്ചിനു വിട്ടതോടെ സുപ്രീംകോടതിയിലെ മുന് വിധിയില് അവ്യക്തത നില നില്ക്കുന്നു എന്നതാണ് സര്ക്കാരിന്റെ വാദം. ഇത് തീര്ക്കാനായി കോടതിയില് പോകാനില്ലെന്നും പറയുന്നു. ശബരിമലയിലേക്ക് പോകാന് ഇനിയും ശ്രമിക്കുമെന്ന് പറഞ്ഞിരിക്കുന്ന ബിന്ദു സര്ക്കാരിന്റെ ഈ നിലപാടിനെ എങ്ങിനെ നേരിടും ?
ശബരിമലയിലെ സ്ത്രീ പ്രവേശം സംബന്ധിച്ച കാര്യത്തില് ഇപ്പോഴുള്ളത് റിവ്യൂ ഹര്ജിയല്ല. കഴിഞ്ഞ വിധിയുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങളാണ് അഞ്ചംഗ ബഞ്ച് ഏഴംഗ ബഞ്ചിന് വിട്ടിരിക്കുന്നത്. ഇതിനെ റിവ്യൂ എന്ന് പറയാനാകില്ല. ഒരേ ബഞ്ച് തന്നെ അതേ വിഷയം പരിഗണിക്കുമ്പോളാണ് റിവ്യൂ ഹര്ജി എന്ന് പറയുന്നത്. ഇവിടെ കിട്ടേണ്ടത് കഴിഞ്ഞ ബഞ്ച് ഉയര്ത്തിയ ചില ചോദ്യങ്ങള്ക്കുള്ള ഉത്തരം മാത്രമാണ്. ചോദ്യങ്ങള്ക്ക് ഉത്തരം കിട്ടിക്കഴിഞ്ഞാല് പ്രശ്നം തീരും.
നിലവില് കഴിഞ്ഞവിധി നിലനില്ക്കുകയാണ് ചെയ്യുന്നത്. ഇത് നടപ്പാക്കാനാണ് സര്ക്കാര് ശ്രമിക്കേണ്ടത്. എന്നാല് സംഘപരിവാറിനൊപ്പം ശബരിമല വിഷയം കത്തിച്ചു നിര്ത്താനാണ് സര്ക്കാരിന്റെയും ശ്രമം.
ഒരു തവണ ശബരിമല ദര്ശനം നടത്തി. അടുത്ത തവണ സംഘര്ഷത്തില് കലാശിക്കുകയും ചെയ്തു. ഇനിയും ഇത്തരം ശ്രമം ഉണ്ടാകുമോ?
ഉടനുണ്ടാകും. കനകദുര്ഗയുമൊത്ത് ശബരിമല ദര്ശനം നടത്തിയതിന്റെ ഒന്നാം വാര്ഷികദിനമായ ജനുവരി രണ്ടിന് വീണ്ടും ശബരിമലയ്ക്കു പോകും. നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തില് നൂറ് കണക്കിന് സ്ത്രീകള് മല ചവിട്ടാനൊരുങ്ങുകയാണ്. നവോത്ഥാന കൂട്ടായ്മയിലെ വനിതാ സംഘടനയുടെ നേതൃത്വത്തില് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സ്ത്രീകള് ചേര്ന്നാകും ശബരിമലയിലേക്ക് യാത്ര നടത്തുക. നിരവധി സ്ത്രീകള് ഇതിനായി ബന്ധപ്പെട്ടിട്ടുണ്ട്.
സംസ്ഥാന സര്ക്കാര് തന്നെ രൂപപ്പെടുത്തിയ നവോത്ഥാന സമിതിയുടെ ചെയര്മാനായിട്ടും വെള്ളാപ്പള്ളി നടേശന് ശബരിമലയിലെ യുവതീപ്രവേശത്തെ അനുകൂലിക്കുന്നില്ല. കെപിഎംഎസ് നേതാവായ പുന്നല ശ്രീകുമാറാകട്ടെ കയറ്റണമെന്ന നിലപാട് എടുത്തിട്ടും പ്രത്യക്ഷ സമരപരിപാടികളിലില്ല. എന്തു തോന്നുന്നു?
ശബരിമലയിലെ യുവതീപ്രവേശ വിഷയത്തില് ദളിത് സംഘടനകള്ക്ക് അവരുടേതായ നിലപാടുകളുണ്ട്. പുന്നലശ്രീകുമാര് നിലപാടുള്ളയാളാണ്. സര്ക്കാരിന്റെ സമിതിയില് പങ്കാളിയായി നില്ക്കുമ്പോള് പോലും സര്ക്കാരിന്റെ തെറ്റായ തീരുമാനത്തിന് എതിരേയുള്ള അദ്ദേഹത്തിന്റെ നിലപാട് പോസിറ്റീവായി കാണേണ്ടതാണ്. വെള്ളാപ്പള്ളി നടേശന്റെ നിലപാടിനോട് പ്രതികരിക്കുന്നില്ല.
രഞ്ജന് ഗോഗോയി ചീഫ് ജസ്റ്റീസായ ബഞ്ചാണ് ശബരിമല വിഷയം ഏഴംഗ ബഞ്ചിന് വിട്ടിരിക്കുന്നത്. പുതിയ ചീഫ് ജസ്റ്റീസായ എസ് ബേബ്ഡേയുടെ അദ്ധ്യക്ഷതയിലാണ് പുതിയ ബഞ്ച്. വിധിയില് എന്തെങ്കിലും മാറ്റം പ്രതീക്ഷിക്കുന്നുണ്ടോ?
ഇല്ല. 2018 ലെ വിധി തുടരുമെന്ന് തന്നെയാണ് കരുതുന്നത്. ശബരിമലയിലെ റിവ്യൂ ഹര്ജിയുമായി ബന്ധപ്പെട്ട് അഞ്ചംഗ ഭരണഘടനാ ബഞ്ച് ചില ചോദ്യങ്ങളാണ് ഏഴംഗ ഭരണഘടനാ ബഞ്ചിന് വിട്ടിരിക്കുന്നത്. ഈ ചോദ്യങ്ങള്ക്കുള്ള ഉത്തരം കണ്ടെത്തി ശബരിമലയില് പുതിയ വിധി വരണമെങ്കില് 25 കൊല്ലമെങ്കിലും കഴിയും. അന്നുവരെ ശബരിമല വിഷയം നിലനിര്ത്തുകയാണ് സംഘപരിവാര് ലക്ഷ്യമിടുന്നത്. അത്രയും വര്ഷക്കാലം സംഘപരിവാറിനും സര്ക്കാരിനും ശബരിമല വിഷയം ഇങ്ങിനെ കത്തിച്ചു നിര്ത്താനാകും.


.jpg&w=256&q=75)




Comments