ന്യുഡല്‍ഹി: രാജ്യത്തിന്റെ മൊത്തം ഉല്‍പ്പാദന വളര്‍ച്ചാ നിരക്ക് (ജി.ഡി.പി) കുത്തനെ ഇടിഞ്ഞു. ജൂലൈ-സെപ്റ്റംബര്‍ രണ്ടാം പാദത്തില്‍ ജി.ഡി.പി നിരക്ക് 4.5 ശതമാനമായി കുറഞ്ഞു. തൊട്ട് മുന്‍ പാദത്തില്‍ ജി.ഡി.പി 5 ശതമാനമായിരുന്നു. വെള്ളിയാഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് ജി.ഡി.പി നിരക്ക് കൂപ്പുകുത്തിയിരിക്കുന്നത്. ഇതിന് മുമ്പ് 2012-13 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലാണ് ജി.ഡി.പി നിരക്കില്‍ ഇത്രയും കുറവ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 4.3 ശതമാനം.
2018-19 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ജി.ഡി.പി നിരക്ക് 7 ശതമാനമായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇതേ കാലയളവില്‍ ജി.ഡി.പി 4.5 ശതമാനത്തിലേക്ക് കുത്തനെ കുറഞ്ഞിരിക്കുകയാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ രണ്ട് പാദങ്ങള്‍ ഒരുമിച്ച് പരിഗണിച്ചാല്‍ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 4.8 ശതമാനം മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 7.5 ശതമാനം സാമ്പത്തിക വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിര്‍മ്മാണ, കാര്‍ഷിക മേഖലകളിലെ മാന്ദ്യമാണ് വളര്‍ച്ചാ നിരക്ക് ഇടിയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട് പുറത്തുവിട്ട നാഷണല്‍ സ്റ്റാറ്റിറ്റിക്കല്‍ ഓഫീസിന്റെ വിലയിരുത്തല്‍.
കൃഷി, മത്സ്യബന്ധനം എന്നീ മേഖളകളുടെ വളര്‍ച്ചാനിരക്ക് 2.1 ശതമാനമാണ്. മൈനിങ്, ക്വാറിയിങ് മേഖലകളുടെ വളര്‍ച്ചാ നിരക്ക് 0.1 ശതമാനമാണ്. ഹോട്ടല്‍, ഗതാഗതം, വാര്‍ത്താവിനിമയം, സംപ്രേക്ഷണ സേവനങ്ങള്‍, ധനകാര്യ മേഖല, റിയല്‍ എസ്റ്റേറ്റ്, പ്രൊഫണല്‍ സേവനങ്ങള്‍, പ്രതിരോധ മേഖലകളില്‍ രണ്ടാം പാദത്തില്‍ 4.3 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.






