
കൊച്ചി : സര്‍ക്കാര്‍, എയ്ഡ്ഡ് വിദ്യാലയങ്ങളില്‍ സൗജന്യ കൈത്തറി യൂണിഫോം തുണിവിതരണം അധ്യാപകര്‍ക്ക് തലവേദനയായി. മതിയായ അളവില്‍ തയ്ക്കാന്‍ തുണി കിട്ടുന്നില്ല എന്നതാണു പ്രധാന പ്രശ്നം.
നൂറുപേരുള്ള സ്കൂളില്‍ 50 പേര്‍ക്ക് കഷ്ടിച്ച് മുറിച്ചു നല്‍കാനുള്ള തുണിയാണ് കിട്ടുന്നത്. ഇതുകാരണം കുറച്ചു കുട്ടികള്‍ക്ക് തുണി കിട്ടുകയും മറ്റുള്ളവര്‍ക്ക് കിട്ടാതാവുകയും ചെയ്യുന്നു. എല്ലാവര്ക്കും തുല്യമായി ലഭിക്കാത്തതില്‍ കുട്ടികള്‍ക്കു വിഷമം. മാതാപിതാക്കള്‍ക്കും പ്രതിഷേധം. സര്‍ക്കാര്‍ സ്കൂളുകളില്‍ ഒന്നു മുതല്‍ നാലു വരെയും എയ്ഡഡ് സ്കൂളുകളില്‍ ഒന്നുമുതല്‍ ഏഴുവരെയും യൂണിഫോം തുണിയാണ് നല്‍കുന്നത്. മറ്റു ക്ലാസുകളില്‍ യൂണിഫോമിനുള്ള തുകയും.
ട്രൗസറിനുള്ള അളവിലാണ് തുണി അനുവദിച്ചിട്ടുള്ളത്. എന്നാല്‍, ആണ്‍കുട്ടികള്‍ ട്രൗസറില്‍ നിന്ന് പാന്റ്സിലേക്കും പെണ്‍കുട്ടികള്‍ ഹാഫ് പാവാടയില്‍ നിന്ന് ചുരിദാറിലേക്കും മാറിക്കഴിഞ്ഞു. ഇതോടെ തുണിയളവ് തെറ്റി. സര്‍ക്കാര്‍ കണക്കില്‍ 50 സെന്റീമീറ്റര്‍ തുണിയാണ് ട്രൗസറിനു നല്‍കുന്നത്. ഇതുകൊണ്ട് പാന്റ്സ് തുന്നാന്‍ കഴിയില്ല. അതിന് ചുരുങ്ങിയത് ഒരു മീറ്റര്‍ എങ്കിലും വേണം. അതുകൊണ്ട് കുട്ടിയൊന്നിന് കൂടുതല്‍ തുണി വേണ്ടിവരും. രണ്ടാള്‍ക്കുള്ള തുണി ഒരാള്‍ക്ക് നല്‍കിയാണ് പരിഹരിക്കുന്നത്. ലഭ്യമാകുന്ന തുണിയുടെ അളവുകുറഞ്ഞതോടെ അധ്യാപകര്‍ വീണ്ടും കൈത്തറി കടകള്‍ കയറിയിറങ്ങുകയാണ്. കടകളില്‍ ആവശ്യത്തിന് തുണി ലഭ്യമാകുന്നുമില്ല. പഠന സമയം നഷ്ടപ്പെടുത്തിയാണ് തുണിവാങ്ങാന്‍ ദൂരെയുള്ള കടകളിലേക്കു പോകുന്നത്.
യൂണിഫോമിന്റെ പൈസ സര്‍ക്കാര്‍ നല്‍കുന്നതും പല ഗഡുക്കളായിട്ടാണ്. പ്രധാന അധ്യാപകര്‍ക്ക് അതുമൊരു ബാധ്യതയാണ്. കഴിഞ്ഞവര്‍ഷം വിതരണം ചെയ്ത യൂണിഫോമിന്റെ തുകയുടെ അവസാന ഗഡു കഴിഞ്ഞ മാര്‍ച്ചിലാണ് കിട്ടിയത്. അണ് എയ്ഡഡ് സ്കൂളുകളില്‍ സ്കൂള്‍ തുറക്കുമ്പോള്‍ മുതല്‍ യൂണിഫോം ലഭ്യമാക്കുമ്പോള്‍ അധ്യയന വര്‍ഷം തീരുമ്പോഴൊക്കെയേ സര്‍ക്കാര്‍-എയ്ഡ്ഡ് സ്കൂളുകളില്‍ എല്ലാവര്ക്കും യൂണിഫോം ധരിക്കാന്‍ ഭാഗ്യമുണ്ടാകൂ.






