
കണ്ണൂർ: പിലാത്തറയിൽ കാറും സ്വർണവും കവർന്ന കേസിൽ ഒരാൾ അറസ്റ്റിലായി. കണ്ണൂർ അഞ്ചാംപീടിക സ്വദേശി സനു സന്തോഷ് (42) ആണ് പിടിയിലായത്. ബിജെപി പ്രാദേശിക നേതാവായ ഇയാളെ കാസർകോട് അതിർത്തിയായ ഉപ്പളയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ ഉപയോഗിച്ച രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അറസ്റ്റിലായ സനു സന്തോഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിലെ മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
ഈ മാസം രണ്ടിനാണ് മഹാരാഷ്ട്ര സ്വദേശികൾ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി ആക്രമിക്കുകയും വാഹനത്തിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന സ്വർണവും 55 ലക്ഷം രൂപയും കവർന്നതെന്നുമാണ് കേസ്. മഹാരാഷ്ട്ര സ്വദേശി കുമാർ ജലന്ധർ നിഗമിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
പരാതിക്കാരൻ സഞ്ചരിച്ച വാഹനം തടഞ്ഞുവെച്ച് ആക്രമിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഭാര്യയുടെ ബാഗിലുണ്ടായിരുന്ന 25 ഗ്രാം സ്വർണവും നഷ്ടമായതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഭാരതീയ ന്യായ സംഹിത (BNS) 310-ാം വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.






