
തിരുവനന്തപുരം: വനിതകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും കെ.എസ്.ആര്.ടി.സി. ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുന്ന 'പ്രിയദര്‍ശിനി' പദ്ധതിയുടെ ഉദ്ഘാടന സര്‍വീസില്‍ ഡ്രൈവറും കണ്ടക്ടറും വനിതകള്‍. തിരുവനന്തപുരം തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ മറ്റന്നാള്‍ രാവിലെ 8.30-ന് മുഖ്യമന്ത്രി വി.ഡി. സതീശന് പദ്ധതി ഉദ്ഘാടനം ചെയ്യുമെന്നു മന്ത്രി സി.പി. ജോണ്‍ അറിയിച്ചു.
യു.ഡി.എഫ്. സര്‍ക്കാരിന്റെ 'ഇന്ദിരാ ഗ്യാരന്റി'യുടെ ഭാഗമായ പ്രിയദര്‍ശിനി പദ്ധതി ആദ്യഘട്ടത്തില്‍ 3125 ഓര്‍ഡിനറി ബസുകളില്‍ നടപ്പാക്കും. പ്രായഭേദമെന്യേ വനിതകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും സൗജന്യയാത്ര ലഭ്യമാകും. വരുമാനപരിധിയോ സാമൂഹികപദവിയോ ബാധകമല്ല.
പ്രത്യേക രജിസ്ട്രേഷനോ തിരിച്ചറിയല്‍ രേഖകളോ ആവശ്യമില്ല. കണ്ടക്ടറില്‍നിന്ന് പ്രിയദര്‍ശിനി'ടിക്കറ്റ് (സീറോ ടിക്കറ്റ്) കൈപ്പറ്റിയാല്‍ മതിയാകും. ടിക്കറ്റ് സംവിധാനത്തില്‍ ഓരോ യാത്രയുടെയും വിവരങ്ങള്‍ രേഖപ്പെടുത്തി സുതാര്യമായ കണക്കെടുപ്പ് ഉറപ്പാക്കും. പദ്ധതിയുടെ സാമ്പത്തികബാധ്യത പൂര്‍ണമായി സംസ്ഥാനസര്‍ക്കാര്‍ വഹിക്കും. പദ്ധതിക്കാവശ്യമായ തുക കെ.എസ്.ആര്.ടി.സിക്കു ഗ്രാന്റായി അനുവദിക്കും.
സ്ത്രീകളുടെ യാത്രാച്ചെലവ് കുറയുന്നതിലൂടെ കുടുംബങ്ങളുടെ സാമ്പത്തികഭാരം കുറയുകയും ധനമിച്ചം വര്‍ധിക്കുകയും ചെയ്യുമെന്ന് മന്ത്രി ജോണ്‍ ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ തൊഴില്‍പങ്കാളിത്തവും വിദ്യാഭ്യാസ,-സംരംഭകപ്രവര്ത്തനങ്ങളും കൂടുതല്‍ സജീവമാകുമെന്നു സര്‍ക്കാര്‍ വിലയിരുത്തുന്നു.
കെ.എസ്.ആര്.ടി.സി. യാത്രക്കാരില്‍ വലിയൊരു വിഭാഗം സ്ത്രീകളായതിനാല്‍ പദ്ധതിയുടെ ഗുണഫലം സംസ്ഥാനത്തെ കുടുംബങ്ങളിലാകെ എത്തും. സ്വകാര്യവാഹനങ്ങളില്നിന്ന് പൊതുഗതാഗതത്തിലേക്കുള്ള മാറ്റം ഇന്ധന ഉപഭോഗവും കാര്‍ബണ്‍ പുറന്തള്ളലും ഗതാഗതക്കുരുക്കും കുറയ്ക്കും.
കെ.എസ്.ആര്.ടി.സിയുടെ ടിക്കറ്റ് ഇതരവരുമാനം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും. ബസുകളിലെ പരസ്യങ്ങള്‍ വര്‍ധിപ്പിക്കുക, ബസ് സ്പോണ്‍സര്‍ഷിപ് തുടങ്ങിയ നിര്‍ദേശങ്ങള്‍ പരിഗണനയിലാണ്. ഗ്രാമവണ്ടി പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായി 58 സര്‍വീസുകള്‍ 500 ആയി ഉയര്‍ത്താന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണവും പദ്ധതിവിഹിതവുംപ്രയോജനപ്പെടുത്തും.
ഡിപ്പോകള്‍ കേന്ദ്രീകരിച്ച് വികസനസമിതികള്‍ രൂപീകരിക്കും. പ്രിയദര്‍ശിനി പദ്ധതിയിലൂടെ സ്ത്രീ തൊഴിലാളികളുടെ വരുമാനത്തില്‍ 15-25% വര്‍ധന പ്രതീക്ഷിക്കുന്നു. സംസ്ഥാനതല ഉദ്ഘാടനത്തിനുശേഷം രാവിലെ ഒന്‍പതിന് സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രാദേശികതല ഉദ്ഘാടനങ്ങള്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു. ഗതാഗത സെക്രട്ടറി ടി.വി. അനുപമ, കെ.എസ്.ആര്.ടി.സി. സി.എം.ഡി. ഡോ. പ്രമോദ് ശങ്കര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.






