
കാസര്‍ഗോഡ് : തമിഴ്നാട് മുഖ്യമന്ത്രി വിജയ് കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെയായായിരുന്നു അദ്ദേഹം ക്ഷേത്രസന്നിധിയിലെത്തിയത്. മുമ്പും പല തവണ ഇവിടെ ദര്‍ശനം നടത്തിയിട്ടുള്ള വിജയ്, മുഖ്യമന്ത്രിയായശേഷം ആദ്യമായാണ് മൂകാംബികയിലെത്തുന്നത്. ദേവിക്കു വഴിപാടായി 1.6 കിലോഗ്രാം തൂക്കം വരുന്ന വെള്ളിവാളും അദ്ദേഹം സമര്‍പ്പിച്ചു.
ഉച്ചപൂജയ്ക്കുശേഷം 3.30 നായിരുന്നു ക്ഷേത്രദര്‍ശനം. മുഖ്യമന്ത്രിയെ തന്ത്രിയുടെ നേതൃത്വത്തില്‍ പൂര്‍ണകുംഭം നല്കി സ്വീകരിച്ചു. ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ബോര്‍ഡിലെ പ്രധാന ഉദ്യോഗസ്ഥരും സ്വീകരണച്ചടങ്ങില്‍ പങ്കെടുത്തു. ദേവിയെ ദര്‍ശിച്ചശേഷം സവിശേഷമായ സങ്കല്പ ദീപാരാധന എന്ന പൂജയിലും വിജയ് പങ്കാളിയായി. ക്ഷേത്രത്തില്‍ 30 മിനിറ്റോളം അദ്ദേഹം ചെലവഴിച്ചു. ദേവസ്വം ഓഫീസിലെത്തിയ അദ്ദേഹം ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങള്‍ക്കും ദേവസ്വം ജീവനക്കാര്‍ക്കും ഒപ്പം സമയം പങ്കിട്ടശേഷമാണ് ചെന്നൈയിലേക്കു മടങ്ങാന്‍ മംഗളൂരു വിമാനത്താവളത്തിലേക്കു യാത്ര തിരിച്ചത്.
തമിഴ്നാട് മുഖ്യമന്ത്രിമാരായിരുന്ന എം.ജി.ആറും ജയലളിതയും ഔദ്യോഗിക പദവിയിലിരിക്കെ കൊല്ലൂരില്‍ ദര്‍ശനം നടത്തിയിട്ടുണ്ട്. എം.ജി.ആര്. സ്വര്‍ണവാളും ജയലളിത രത്നകിരീടവുമായിരുന്നു ദേവിക്കു സമര്‍പ്പിച്ചത്. എം.ജി.ആര്. സമര്‍പ്പിച്ച സ്വര്‍ണവാള്‍ കണ്ട് വിജയ് വണങ്ങുകയും ചെയ്തു.വിമാനത്താവളത്തില്‍നിന്നു ക്ഷേത്രത്തിലേക്കുള്ള യാത്രയിലുടനീളം തമിഴ്നാട് മുഖ്യമന്ത്രിയെ കാണാന്‍ റോഡിന്റെ ഇരുവശത്തും വന്‍ ജനക്കൂട്ടമാണ് തടിച്ചുകൂടിയിരുന്നത്. ആരാധകര്‍ പൂക്കള്‍ വിതറിയും മുദ്രാവാക്യങ്ങള്‍ വിളിച്ചും വരവേറ്റു.
തമിഴ്നാട്, കര്‍ണാടക പോലീസിന്റെ കനത്ത സുരക്ഷാ വലയത്തിലായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര. ഉച്ചയ്ക്കു രണ്ടു മുതല്‍ ക്ഷേത്രത്തില്‍ പൊതുജനങ്ങള്‍ക്കു ദര്‍ശനം അനുവദിച്ചിരുന്നില്ല.മുഖ്യമന്ത്രി വിജയ്യുടെ സന്ദര്‍ശനം കഴിഞ്ഞ് അഞ്ചിനാണു ജനങ്ങള്‍ക്കു ക്ഷേത്രദര്‍ശനത്തിന് അനുമരി ലഭിച്ചത്.






