ശ്രീനഗര്‍: ലഡാക്കിലെ സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് രണ്ട് സൈനികര്‍ മരിച്ചു. ആര്‍മി പട്രോളിംഗ് സംഘം ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടത്തില്‍പ്പെട്ടത്. അവലാഞ്ചെ റെസ്ക്യൂ ടീമും സൈന്യത്തിന്റെ ഹെലികോപ്റ്ററും രക്ഷാ പ്രവര്‍ത്തനത്തിനായി ഉടന്‍ തന്നെ സ്ഥലത്ത് എത്തി മഞ്ഞുപാളികള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിച്ചു. രക്ഷാപ്രവര്‍ത്തകര്‍ എത്തിയപ്പോഴേയ്ക്ക് രണ്ട് സൈനികര്‍ മരണത്തിന് കീഴടങ്ങിയിരുന്നു.
സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞ് അപകടമുണ്ടായതായി പ്രതിരോധ വക്താവ് സ്ഥിരീകരിച്ചു. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ എല്ലാ ശ്രമവും നടത്തിയെങ്കിലും രണ്ട് പേര് മരണത്തിന് കീഴടങ്ങിയെന്നും പ്രതിരോധ വക്താവ് കൂട്ടിച്ചേര്‍ത്തു. ഈ മാസം 19നും സമാനമായ അപകടമുണ്ടായിരുന്നു. അന്ന് നാല് സൈനികരും രണ്ട് നാട്ടുകാരും മഞ്ഞിടിച്ചിലില്‍ കൊല്ലപ്പെട്ടിരുന്നു.






