
സോഷ്യല്‍ മീഡിയയില്‍ സജീവമായ വ്യക്തിയാണ് നടന് അജു വര്‍ഗീസ്. സ്വയം ട്രോളിയും ആരാധകരുമായി സംവദിച്ചുമൊക്കെ അദ്ദേഹം സോഷ്യല്‍ മീഡിയയിലും താരമായിക്കൊണ്ടിരിക്കുകയാണ്. തന്റെ പോസ്റ്റിന് ആരാധകര്‍ ഇടുന്ന കമന്റുകള്‍ താരം ശ്രദ്ധിക്കാറുണ്ട്. അത്തരത്തിലൊരു കമന്റ് ഒരു യുവാവിന്റെ ജീവിതം തന്നെ മാറ്റി മറിച്ചിരിക്കുകയാണ്.
അജു വര്‍ഗീസ് ആദ്യമായി തിരക്കഥ എഴുതുകയും, പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്ന സാജന് ബേക്കറി സിന്‍സ് 1962 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്ന വിവരം അറിയിച്ചു കൊണ്ട് താരം ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതിന് താഴെ ട്രോളിലൂടെ ചാന്‍സ് ചോദിച്ച് ഒരു ആരാധകന് രംഗത്തെത്തി.
കരുനാഗപ്പള്ളി സ്വദേശി ദേവലാല്‍ വിനീഷാണ് ജഗതി ശ്രീകുമാറിന്റെ ചിത്രത്തില്‍ കുറച്ച് മിനുക്കുപണികള്‍ നടത്തി ട്രോളാക്കി ഒരു റോള്‍ തരുമോ അജുവര്‍ഗീസ് ഏട്ടാ എന്ന് ചോദിച്ചുകൊണ്ടുള്ള അപേക്ഷ പോസ്റ്റ് ചെയ്തത്. രസകരമായ അപേക്ഷ കണ്ട അജു വര്‍ഗീസ് ആരാധകന് പുതിയ സിനിമയില്‍ അവസരം നല്‍കിയിരിക്കുകയാണ്.
അജു വര്‍ഗീസും, അരുണ്‍ ചന്തുവും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് അരുണ്‍ ചന്തുവാണ്. റാന്നിയില്‍ ചിത്രീകരണം ആരംഭിച്ച സിനിമയില്‍ പുതുമുഖം രഞ്ജിത മേനോനാണ് നായികയായെത്തുന്നത്. ഫന്റാസ്റ്റിക് ഫിലിംസിന്റെയും എം സ്റ്റാര്‍ ലിറ്റില്‍ കമ്മ്യൂണിക്കേഷന്റേയും ബാനറില്‍ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് സാജന് ബേക്കറി സിന്‍സ് 1962 നിര്‍മ്മിക്കുന്നത്. സഹനിര്‍മ്മാതാവ് അനീഷ് മേനോനാണ്.