
ചെന്നൈ: ദയാവധം നല്‍കണമെന്നാവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍ കോടതിയെ സമീപിച്ചു. കേസിലെ പ്രതികളായ നളിനി ശ്രീഹരനും ഭര്‍ത്താവ് മുരുകനുമാണ് ഇക്കാര്യമാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും കത്തയച്ചു.
ഇരുവരും നിലവില്‍ വെല്ലൂര്‍ ജയിലിലാണ് കഴിയുന്നത്. 26 വര്‍ഷമായി ഇരുവരും ജയിലില്‍ കഴിഞ്ഞുവരികയാണ്. ജയില്‍ ഉദ്യോഗസ്ഥര്‍ വഴിയാണ് നളിനി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കത്തയച്ചത്. തടവില്‍ കഴിയുന്ന ഇരുവരും കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്ന് നളിനിയുടെ അഭിഭാഷകന് പുകഴേന്തി പറഞ്ഞു.
അതേസമയം മുരുകനെ പുഴല്‍ ജയിലിലേക്ക് മാറ്റണമെന്നും തമിഴ്നാട് സര്‍ക്കാരിനോട് നളിനി കത്തയച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. മുരുകനോട് ജയില്‍ അധികൃതര്‍ മോശമായി പെരുമാറുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നളിനി തമിഴ്നാട് സര്‍ക്കാരിന് കത്തയച്ചത്. മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് മുരുകനെ ഏകാന്ത തടവിലേക്ക് മാറ്റിയതിനു പിന്നാലെയാണ് നളിനി ആവശ്യം ഉയര്‍ത്തിയത്. രാജീവ് ഗാന്ധി വധക്കേസിലെ ഏഴു പ്രതികളെയും വിട്ടയയ്ക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം ഗവര്‍ണറുടെ പരിഗണനയിലാണ്.






