
ബംഗലുരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപിയുടെ ഏറ്റവും പണക്കാരനായ സ്ഥാനാര്‍ത്ഥിക്ക് നേരെ പ്രാദേശിക നേതാക്കളുടെ അതൃപ്തി. തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കാതെ സ്വന്തം നിലയ്ക്ക് ആള്‍ക്കാരെയും അനുചര വൃന്ദത്തെയും വോട്ടുപിടിക്കാനും മറ്റുള്ള കാര്യങ്ങള്‍ക്കും ഉപയോഗിക്കുന്നെന്നാണ് ആരോപണം.
കോണ്‍ഗ്രസ് - ജെഡിയു സര്‍ക്കാരിനെ മറിച്ചിടാന്‍ ബിജെപിയില്‍ നിന്നും വന്‍തുക കൈപ്പറ്റിയെന്ന് ആരോപണത്തില്‍ കുടുങ്ങിയ കോണ്‍ഗ്രസ് വിമതനും ബിജെപി സ്ഥാനാര്‍ത്ഥിയുമായ എംടിബി നാഗരാജുവിന് എതിരേയാണ് വിമര്‍ശനം. 15 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിനായി വോട്ടര്‍മാര്‍ ബൂത്തിലേക്ക് പോകാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ആരോപണം. ബിജെപിയിലെ ഏറ്റവും പണക്കാരനായ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ പെരുമ നേടിയ നാഗരാജുവിന്റെ സ്വത്ത് 185.7 കോടിയില്‍ നിന്നും 1200 കോടിയിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്.
ഓപ്പറേഷന് കമല ഉപയോഗപ്പെടുത്തി ജെഡിയു - കോണ്‍ഗ്രസ് സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ ബിജെപിയ്ക്ക് ഇത് അഭിമാന പോരാട്ടമാണ്. 15 ല്‍ ആറ് സീറ്റിലെങ്കിലൂം ജയം നേടാനായെങ്കിലേ ബിജെപിയ്ക്ക് അധികാരത്തില്‍ നില നില്‍ക്കാനാകു. ഉപതെരഞ്ഞെടുപ്പില്‍ നിയമസഭാംഗത്വം നഷ്ടമായ വിമത എംഎല്‍എമാര്‍ക്ക് സീറ്റ് നല്‍കിയാണ് ബിജെപി മത്സരിപ്പിക്കുന്നത്. ഇതില്‍ ഏറ്റവും ധനവാനായ നാഗരാജു ബംഗലുരുവില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ ഹോസ്കോട്ടേയിലാണ് മത്സരിക്കുന്നത്.
നേരത്തേ കോണ്‍ഗ്രസ് മന്ത്രിയായിരുന്ന നാഗരാജുവിന്റെ സ്വത്ത് ഈ രീതിയില്‍ ഉയര്‍ന്നത് വലിയ വിവാദത്തിന് തിരി വെച്ചിരുന്നു. നവംബര്‍ 19 ന് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 1,200 കോടിയാണ് കാണിച്ചിരിക്കുന്നത്. 185.7 കോടിയില്‍ നിന്നും വെറും 18 മാസം കൊണ്ട് സ്വത്തില്‍ 18 ശതമാനം 1015 കോടി രൂപയാണ് കൂടിയത്. നേരത്തേ കോണ്‍ഗ്രസ് - ജെഡിഎസ് സര്‍ക്കാര്‍ വീണതിന് പിന്നാലെ ഒരു മാസം കഴിഞ്ഞ് ആഗസ്റ്റില്‍ നാഗരാജു റോള്‍സ് റോയ്സ് ഫാന്റം 8 കാര്‍ വാങ്ങിയിരുന്നു. ഏറ്റവും വില പിടിച്ച വിഭാഗത്തില്‍ വരുന്ന ഈ കാറിന് ഇന്ത്യയില്‍ 11 കോടിയെങ്കിലും വില വരുമെന്നാണ് കണക്കാക്കുന്നത്.
ഇതോടെയാണ് എതിരാളികളില്‍ പണം വാങ്ങിയാണ് നാഗരാജു വിമത പ്രവര്‍ത്തനം നടത്തിയതെന്ന ആരോപണം ഉയരാനിടയായത്. നേരത്തേ നാഗാര്‍ജ്ജുനയുടെ സ്ഥാനാര്‍ത്ഥിത്വം തന്നെ ബിജെപിയുടെ പ്രാദേശിക യൂണിറ്റിനെ രണ്ടാക്കിയിരുന്നു. ചിക്കബല്ലാപ്പുര എംപിയായ ബക്കാഗൗഡയിലെ എംപി ബിഎന്‍ ബക്കാ ഗൗഡയുടെ മകന് ശരത് ബക്കേ ഗൗഡ ഇവിടെ ജെഡിഎസ് പിന്തുണയ്ക്കുന്ന സ്വതന്ത്രനാണ്. 2018 തെരഞ്ഞെടുപ്പില്‍ നാഗരാജുവിനോട് മത്സരിച്ച് പരാജയപ്പെട്ടയാളാണ് ശരത് ബക്കേ.
ഇദ്ദേഹത്തെ ബിജെപി പാര്‍ട്ടി അച്ചടക്കത്തിന് വിപരീതമായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ പുറത്താക്കുകയും ചെയ്തിട്ടുണ്ട്. നാഗരാജു പ്രചരണ പരിപാടികളില്‍ പങ്കെടുക്കാറില്ലെന്ന് പ്രാദേശിക നേതൃത്വത്തിന് പരാതിയുണ്ടെങ്കിലൂം നേതൃത്വം ഇയാളുടെ പിന്നില്‍ ഉറച്ചു നില്‍ക്കുകയാണ്. ബിഎസ് യദ്യൂരപ്പ നാഗരാജയുടെ മണ്ഡലത്തില്‍ മൂന്ന് തവണയാണ് പ്രചരണത്തിന് എത്തിയത്് . അഭിമാന പോരാട്ടമായതിനാല്‍ മന്ത്രിമാരും ചില സീനിയര്‍ പാര്‍ട്ടി നേതാക്കളുമെല്ലാം മണ്ഡലത്തില്‍ ഉണ്ട്. എല്ലാ മണ്ഡലത്തിലും പ്രചരണത്തിന് വന്‍ ജനാവലിയെ ഉറപ്പാക്കാന്‍ ബിജെപി ശ്രമിക്കാറുണ്ട്. എന്നാല്‍ ഹോസ്കോട്ടേ ഇതിന് വിപരീതമായി ശാന്തമാണെന്നാണ് വിവരം. സീനിയര്‍ ബിജെപി നേതാക്കളെ മാറ്റി നിര്‍ത്തിയാണ് നാഗരാജുവിന്റെ വോട്ടു ചോദിക്കല്‍. ബിജെപിയുടെ സഹായം സ്വീകരിക്കാതെ സ്വന്തം അനുചരവൃന്ദത്തെ ഉപയോഗിക്കുന്നു എന്നാണ് ആരോപണം.






