മുംബൈ: ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണത്തില്‍ പുനരനേഷണം നടത്താന്‍ തയ്യാറാണെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. മഹാരാഷ്ട്രയില്‍ ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെയാണ് പവാറിന്റെ പ്രതികരണം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിയായിരുന്ന സൊറാബുദീന്‍ ഷേക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന സി.ബി.ഐ കോടതി ജഡ്ജ് ലോയയുടെ മരണത്തിലെ ദുരൂഹതകള്‍ ഇനിയും മറനീക്കി പുറത്തുവന്നിട്ടില്ല.
ലോയയുടെ മരണത്തില്‍ പുനരന്വേഷണം വേണമെന്ന് നേരത്തെ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്ട്രയില്‍ ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റതോടെ ലോയ കേസില്‍ പുനരന്വേഷണം വേണമെന്ന ആവശ്യം വീണ്ടും ശക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ശരദ് പവാര്‍ നിലപാട് വ്യക്തമാക്കിയത്. ലോയയുടെ മരണത്തില്‍ പുനരന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നാല്‍ തീര്‍ച്ചയായും അന്വേഷിക്കുമെന്ന് ശരദ് പവാര്‍ പറഞ്ഞു. ഒരു മറാത്താ ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൊഹ്ബുദീന് കേസില്‍ വിചാരണ നടക്കുന്ന കാലയളവില്‍ 2014 ഡിസംബര്‍ ഒന്നിനാണ് ജസ്റ്റിസ് ലോയ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. അന്ന് ബി.ജെ.പി ദേശീയ അധ്യക്ഷനായിരുന്നു അമിത് ഷാ. ലോയയുടെ മരണത്തിലെ ദുരൂഹതകള്‍ 2017 നവംബറില്‍ ദ കാരവാന് മാഗസിനാണ് പുറത്തുകൊണ്ടുവന്നത്. ലോയയുടെ കുടുംബം അദ്ദേഹത്തിന്റെ മരണത്തില്‍ സംശയം രേഖപ്പെടുത്തിയതിന് പിന്നാലെയായിരുന്നു കാരവന് റിപ്പോര്‍ട്ട്.






