
തിരുവനന്തപുരം: പട്ടിണിയായതിനെ തുടര്‍ന്ന് മണ്ണുവാരിത്തിന്ന് വിശപ്പടക്കിയ കുട്ടികള്‍ ഇന്നു മുതല്‍ സ്കൂളില്‍ പോയിത്തുടങ്ങും. കുട്ടികളടെ ആരോഗ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കി ശാരീരികക്ഷമത ശരിയാണെന്ന് ബോദ്ധ്യപ്പെട്ട ശേഷമാകും നടപടി. കുട്ടികളെ സ്കൂളില്‍ അയയ്ക്കാനുള്ള നടപടി ക്രമങ്ങള്‍ ശിശു സംരക്ഷണ വിഭാഗം ചെയ്തിട്ടുണ്ട്. പ്രാഥമികമായി നടത്തിയ പരിശോധനയില്‍ കുട്ടികള്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് വ്യക്തമായിരുന്നു. കുട്ടികളെ വിശദമായ െവെദ്യപരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം.
മദ്യപാനിയായ പിതാവ് ഭാര്യയേയും മക്കളെയും ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം നഗരമധ്യത്തില്‍ വിശപ്പകറ്റാന്‍ വഴിയില്ലാത്തതിനാല്‍ അമ്മ തന്റെ ആറുമക്കളില്‍ നാലുപേരെ ശിശുക്ഷേമസമിതിയുടെ സംരക്ഷണത്തിന് വിട്ടുനല്‍കിയെന്നും കുട്ടികള്‍ മണ്ണുതിന്നാണ് പട്ടിണി അകറ്റിയതെന്നുമുള്ള വാര്‍ത്ത പുറത്തുവന്നത്. പിന്നാലെ സംഭവത്തിലിടപെട്ട് നിരവധിപ്പേരാണ് രംഗത്തെത്തിയത്. കുട്ടികളുടെ അമ്മയ്ക്ക് തിരുവനന്തപുരം നഗരസഭ, താല്കാലികജോലി നല്കി.
മേയര്‍ ഇവര്‍ താമസിക്കുന്ന മഹിളാ മന്ദിരത്തില്‍ നേരിട്ടെത്തിയാണ് കോര്‍പറേഷനിലെ ശുചീകരണവിഭാഗത്തില്‍ താല്‍ക്കാലിക ജോലിക്കുള്ള നിയമന ഉത്തരവ് െകെമാറിയത്. 630 രൂപ ദിവസ വേതനത്തിലാണ് ജോലി. ആധാര്‍ കാര്‍ഡ് ഇല്ലാതിരുന്ന കുടുംബത്തിന് പ്രത്യേകപരിഗണന നല്കി ജില്ലാ സെപ്ലെ ഓഫീസര്‍ നേരിട്ടെത്തി റേഷന്‍കാര്‍ഡും െകെമാറി. കുടുംബത്തിനു താമസിക്കാനായി പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭയുടെ ഫ്ളാറ്റും നല്‍കുമെന്ന് മേയര്‍ കെ. ശീകുമാര്‍ അറിയിച്ചു. നിരന്തരമായി മര്‍ദ്ദിച്ചിരുന്നതായി കുട്ടികള്‍ ശിശുക്ഷേമ സമിതിക്ക് മൊഴി നല്‍കിയതിന്റ അടിസ്ഥാനത്തില്‍ പിതാവിനെതിരെ കേസെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അതിനിടയില്‍ വിഷയവുമായി ബന്ധപ്പെട്ട് ശിശുക്ഷേമ സമിതിയും ബാലാവകാശ കമ്മീഷനും തമ്മില്‍ തര്‍ക്കവും രൂക്ഷമായി. പട്ടിണിയെത്തുടര്‍ന്ന് അമ്മ കുട്ടികളെ ശിശുക്ഷേമ സമിതിയെ ഏല്പിച്ച സംഭവത്തില്‍ കുടുംബം പട്ടിണിയിലായിരുന്നില്ലെന്നു ബാലാവകാശ കമ്മിഷന് പറയുന്നത്. ഇക്കാര്യം ബന്ധുക്കളും നാട്ടുകാരും ഇന്നലെ സ്ഥലം സന്ദര്‍ശിച്ച തന്നെ അറിയിച്ചതായി ചെയര്മാന് പി. സുരേഷ് അറിയിച്ചു. ശിശുക്ഷേമ വിഭാഗം തെറ്റായ മൊഴി എഴുതി ഉണ്ടാക്കുകയായിരുന്നു എന്ന് ബാലാവകാശ കമ്മീഷന് പറയുന്നു. അമ്മയോട് തെറ്റായി എഴുതിവാങ്ങിയെന്നാണ് ബാലാവകാശ കമ്മീഷന് പറയുന്നു. എന്നാല്‍ തങ്ങളുടെ കണ്ടെത്തലില്‍ ഉറച്ചു നില്‍ക്കുകയാണ് ശിശുക്ഷേമസമിതി.
ബാലാവകാശ കമ്മിഷന്റെ അഭിപ്രായം ശരിവയ്ക്കുന്ന പ്രതികരണവുമായി െകെതമുക്കില് കുട്ടികളുടെ കുടുംബമുള്പ്പെടുന്ന വാര്‍ഡിലെ ബി.ജെ.പി. കൗണ്‍സിലര്‍ മായ രാജേന്ദ്രനും രംഗത്തെത്തി. കുട്ടികള്‍ മണ്ണു വാരി തിന്നേണ്ട അവസ്ഥ ഇല്ലായിരുന്നെന്നും കുടുംബത്തിന് അംഗന്‍വാടിയില്‍ നിന്നും ഉള്‍പ്പെടെ ഭക്ഷണമെത്തിച്ചിരുന്നതായും ശ്രീകണ്ഠേശ്വരം വാര്‍ഡ് കൗണ്‍സിലറായ മായ പറഞ്ഞു. കുടുംബം പട്ടിണി ആയിരുന്നില്ല. യുവതിയുടെ ഭര്‍ത്താവ് മദ്യപിച്ച് ബഹളമുണ്ടാക്കാറുണ്ട്. ഇവരുടെ കുടുംബത്തെ െലെഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും കൗണ്‍സിലര്‍ പറഞ്ഞു. എന്നാല്‍ പട്ടിണിയാണെന്നു കാണിച്ച് കുട്ടിയുടെ മാതാവ് തന്ന പരാതിയില്‍ ശിശുക്ഷേമ സമിതി ഉറച്ചുനില്‍ക്കുകയാണ്.






